
ന്യുഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചു. വിവരസാങ്കേതിക വിദ്യ വളര്‍ച്ച നേടിയ ഈ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ മാത്രമല്ല, എല്ലാ പൗരന്മാരുടെ സ്വകാര്യതയും കാത്തുസൂക്ഷിക്കേണ്ടതാണ്. ഏഴ് വിഷയങ്ങളാണ് സമിതി അന്വേഷിക്കേണ്ടത്. റിട്ടയേര്‍ഡ് ജസ്റ്റീസ് ആര്.വി രവീന്ദ്രന് അന്വേഷണ സമിതിയുടെ മേല്‍നോട്ടം വഹിക്കുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
'നിങ്ങള്‍ക്ക് ഒരു രഹസ്യം സൂക്ഷിക്കാനുണ്ടെങ്കില്‍ അത് നിങ്ങളില്‍ നിന്നുതന്നെ മറച്ചുവയ്ക്കണമെന്നമെന്ന് ജോര്‍ജ് ഓര്‍വലിന്റെ വാചകം ഉദ്ധരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റീസ് വിധി പ്രസ്താവം നടത്തി തുടങ്ങിയത്. ഹര്‍ജിക്കാരില്‍ ചിലര്‍ തന്നെ പെഗാസസിന്റെ ഇരകളാണ്. ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കണമോ എന്ന് പോലും സര്‍ക്കാര്‍ ചിന്തിക്കണം.
വിവര സാങ്കേതിക വിദ്യയുടെ കാലത്ത് നാം ജീവിക്കുമ്പോള്‍ സാങ്കേതിക വിദ്യ പ്രധാനമാണെന്ന് നാം തിരിച്ചറിയണം. മാധ്യമപ്രവര്‍ത്തകരുടെ മാത്രമല്ല, എല്ലാ പൗരന്മാരുടെയും സ്വകാര്യത അവകാശം സംരക്ഷിക്കപ്പെടേണ്ടത്.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കുന്ന ഹര്‍ജികള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കിലും ഹര്‍ജിക്കാരില്‍ ഏറെപ്പേരും ഫോണ്‍ചോര്‍ത്തലിന്റെ ഇരകളാണെന്ന സാഹചര്യം പരിഗണിച്ചാണ് ഹര്‍ജികള്‍ സ്വീകരിച്ചതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഈ വിഷയത്തില്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിക്കുകയല്ലാതെ പ്രഥമദൃഷ്ട്യ തങ്ങള്‍ക്കും മറ്റു മാര്‍ഗമില്ലെന്നും അതുകൊണ്ട് കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു.
പെഗാസസ് വിവാദത്തിലുള്ള ശരിതെറ്റുകള്‍ അന്വേഷണ സമിതി കണ്ടെത്തണം. സ്വകാര്യത അവകാശം ലംഘിക്കപ്പെട്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ പൗരന്മാരുടെ മേലുള്ള നിരീക്ഷണത്തിന് വിദേശ ഏജന്‍സികളുടെ പങ്കാളിത്തമുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്.
അന്വേഷണത്തിന് ആറംഗ സമിതിയെ ആണ് നിയോഗിക്കുന്നത്. മുന്‍ സുപ്രീം കോടതി ജഡ്ജി ആര്.വി രവീന്ദ്രന് അധ്യക്ഷനായ സമിതിയില്‍ മുന്‍ റോ മേധാനി അലോക് ജോഷി, സുന്ദീപ് ഒബ്റോയ്, ടെക്നിക്കല്‍ എക്സ്പേര്‍ട്ട് അംഗങ്ങളായ ഡോ.നവീര്കുമാര് ചൗധരി (സൈബര്‍ വിദഗ്ധന്‍), ഡോ. പി.പ്രഭാകരന് (അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ്, കൊല്ലം), ഡോ. അശ്വിന് അനില്‍ ഗുമസ്തെ (ഐഐടി, മുംബൈ) എന്നിവരാണ് മറ്റംഗങ്ങള്‍.
ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും എട്ട് ആഴ്ചകള്‍ക്കു ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.






