
കണ്ണൂര്‍: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ ഒളിയമ്പുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കി. ബിനീഷ് കോടിയേരിക്ക് ജാമ്യംകിട്ടിയ വാര്‍ത്ത വന്ന ശേഷം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മുന്‍ സി.പി.എം.
പ്രവര്‍ത്തകനായിരുന്ന അര്ജുന് ആയങ്കി പരോക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. തമ്പ്രാന്റെ മോന് മദ്യം കഴിച്ചാല്‍ അത് കട്ടന്‍ചായ. കണ്ണുകെട്ടല്‍, വായ്മൂടിക്കെട്ടി മൗനംപാലിക്കല്‍. അടിയാന്റെ മോന് കട്ടന്‍ചായ കുടിച്ചാല്‍ അത് മദ്യം, ചാട്ടവാറടി, നോട്ടീസടിച്ച് വിതരണംചെയ്യല്‍, നാടുകടത്തല്‍. ?എന്നാണ് പോസ്റ്റ്. മയക്കുമരുന്ന് ഒരു വൃത്തികെട്ട ബിസിനസാണ് എന്നും അര്ജുന് ആയങ്കി പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റിനുചുവടെ നിരവധി കമന്റുകളും ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ അര്ജുന് ആയങ്കിക്ക് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ഇയാള്‍ നേരത്തെ ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പെട്ടതിന് പിന്നാലെ സംഘടനയില്‍നിന്ന് പുറത്താക്കിയിരുന്നു.






