
ന്യുഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരായ പോരാട്ടം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി വാക്സിനേഷന് നടപടികള്‍ വേഗത്തിലാക്കണം. ഒറ്റപ്പെട്ട മേഖലകളിലും വാക്സിന് എത്തിക്കണം. നൂറു കോടി പിന്നിട്ടതിന്റെ പേരില്‍ വാക്സിനേഷനില്‍ അലസത ഉണ്ടായാല്‍ പുതിയ പ്രതിസന്ധി ഉടലെടുക്കുമെന്നും മോദി അവലോകന യോഗത്തില്‍ പറഞ്ഞു. വാക്സിനേഷനില്‍ പിന്നില്‍ നില്ക്കുന്ന 11 സംസ്ഥാനങ്ങളിലെ മുഖ്യമ്രന്തിമാരും ജില്ലാ കലക്ടര്‍മാരുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇതുവരെയുള്ള പുരോഗതി നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. ഭരണത്തിലെ എല്ലാവരു മുതല്‍ ആശവര്‍ക്കര്‍മാര്‍ വരെ വളരെ നന്നായി ജോലി ചെയ്തു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വാക്സിന് എത്തിക്കാന്‍ കിലോമീറ്ററുകളോളം നടന്നു. എന്നാല്‍ 100 കോടി കടന്നതിന്റെ ആലസ്യത്തില്‍ മുഴുകിയാല്‍ പുതിയ പ്രതിസന്ധി ഉടലെടുക്കും.-അദ്ദേഹം പറഞ്ഞു.
100 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ മഹാമാരിയാണിത്. നിരവധി വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ കഠിനാദ്ധ്വാനത്തിനൊപ്പം നൂതന ആശയങ്ങളും കണ്ടെത്തി. നിങ്ങളുടെ നാടുകളില്‍ വാക്സിനേഷന് വര്‍ധിപ്പിക്കാനും ഇത്തരം നടപടികള്‍ വേണം.
ആദ്യ ഡോസ് വാക്സിനേഷനില്‍ നാം ലക്ഷ്യം കണ്ടു. നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. അവയെല്ലാം തരണം ചെയ്താണ് നാം മുന്നോട്ടുപോയത്. വാക്സിനേഷനെ കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കണം. അതിനു വേണ്ടി പ്രദേശിക മത നേതാക്കളെയും ഉപയോഗിക്കാം. ഇതുവരെ വാക്സിന് എടുക്കാത്ത എല്ലാവരുടെയും വീടുകളിലും എത്തി വാക്സിന് സ്വീകരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കണം.
വാക്സിന് ഒന്നാം ഡോസ് 50 ശതമാനത്തില്‍ താഴെയും രണ്ടാം ഡോസ് വളരെ കുറവും മാത്രമെടുക്ക 40 ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് യോഗത്തില്‍ മോദി നിര്‍ദേശം നല്‍കിയത്. ഝാര്‍ഖണ്ഡ്, മണിപ്പുര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്സിനേഷനില്‍ പിന്നില്‍.






