
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള റാഫേല്‍ പോര്‍വിമാന ഇടപാടില്‍ ഫ്രഞ്ച് വിമാന നിര്‍മാതാക്കളായ ദാസോ ഏവിയേഷന്‍ ഇടനിലക്കാരന് 65 കോടി രൂപയോളം (75 ലക്ഷം യൂറോ) കൈക്കൂലിയായി നല്‍കിയെന്നും അറിഞ്ഞിട്ടും സി.ബി.ഐ. ഇക്കാര്യം അന്വേഷിക്കാന്‍ തയാറായില്ലെന്നും വെളിപ്പെടുത്തല്‍. ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയാപാര്‍ട്ടാണ് 59,000 കോടി രൂപയുടെ റാഫേല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.
സുഷേന്‍ ഗുപ്ത എന്ന ഇടനിലക്കാരനു കമ്മീഷന് നല്കിയതിനുള്ള വ്യാജ ഇന്‍വോയ്സുകളും മീഡിയാപാര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ രേഖകളുണ്ടായിരുന്നിട്ടും അന്വേഷണവുമായി മുന്നോട്ടുപോകേണ്ടെന്ന് സി.ബി.ഐ. തീരുമാനിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. റാഫേല്‍ ജെറ്റുകളുടെ വില്പനയ്ക്ക് സുഷേന്‍ ഗുപ്തയ്ക്കു ദാസോ കമ്മിഷന് നല്കിയതു സംബന്ധിച്ച് 2018 ഒക്ടോബര്‍ മുതല്‍ സി.ബി.ഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെയും പക്കല്‍ രേഖകളുണ്ടായിരുന്നു.
രണ്ട് ഏജന്‍സികളും അന്വേഷിക്കുന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി. ഹെലികോപ്ടര്‍ ഇടപാടിലെ കോഴക്കേസുകളിലെ രഹസ്യഫയലുകളുടെ കൂട്ടത്തില്‍ ഇതുണ്ടായിരുന്നുവെന്നും മീഡിയാപാര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013ന് മുമ്പാണ് ഈ കോഴയുടെ നല്ലൊരുപങ്കും കൈമാറിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്റര്‍സ്റ്റെല്ലാര്‍ ടെക്നോളജീസ് എന്ന കടലാസുകമ്പനി വഴി അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്ന് സുഷേന്‍ ഗുപ്ത കോഴ കൈപ്പറ്റിയതായാണ് ആരോപണം. ഇതുസംബന്ധിച്ച രേഖകള്‍ 2018 ഒക്ടോബര്‍ 11ന് മൗറീഷ്യസ് അധികൃതര്‍ സി.ബി.ഐക്ക് കൈമാറിയിരുന്നു. റാഫേല്‍ ഇടപാടില്‍ ഔദ്യോഗിക പരാതി രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴായിരുന്നു ഇത്. ഈ രേഖകളിലൂടെയാണ് റാഫേല്‍ ഇടപാടിലും സുഷേന്‍ ഗുപ്ത ഇടനിലക്കാരന് ആണെന്ന് മനസിലായത്.






