
കാക്കനാട്: പുതിയ സത്യന് അന്തിക്കാട് ചിത്രത്തിന് അനുമതി നിഷേധിച്ച് തൃക്കാക്കര നഗരസഭ. റോഡുതടഞ്ഞുളള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനു പിന്നാലെയാണ് കോണ്‍ഗ്രസുകാരിയായ നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് ചിത്രീകരണം വിലക്കിയത്.
തൃക്കാക്കര ബസ് സ്റ്റാന്‍ഡിലായിരുന്നു ജയറാം, മീരാ ജാസ്മിന് എന്നിവരുടെ പുതിയ ചിത്രം ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഇതിനുളള അനുമതിക്കായെത്തിയ സിനിമാ പ്രവര്‍ത്തകരോടും നഗരസഭാ ഉദ്യോഗസ്ഥരോടും ചെയര്‍പേഴ്സണ്‍ പൊട്ടിത്തെറിച്ചു.
ചൊവ്വാഴ്ച പന്ത്രണ്ടരയോയൊണ് സിനിമയുടെ പ്രൊഡക്ഷന്‍ വിഭാഗത്തിലെ രണ്ടുപേര്‍ സിനിമാ ചിത്രീകരണത്തിന് അനുമതി തേടി നഗരസഭയില്‍ എത്തിയത്. അനുമതിക്കായി ചെയര്‍പേഴ്സന്റെ അടുത്ത് എത്തിയപ്പോള്‍ രൂക്ഷമായ ഡയലോഗുകളുമായി അജിതാ തങ്കപ്പന് ഇവരെ സ്വീകരിക്കുകയായിരുന്നു.
'ജനങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുളള സിനിമാക്കാര്‍ക്ക് ഞാന്‍ ഷൂട്ടിങ്ങിന് അനുമതി നല്‍കണോ? എങ്ങനെ തോന്നി എന്നോട് ഇത് വന്ന് ചോദിക്കാന്‍...' ചെയര്‍പേഴ്സണ്‍ പൊട്ടിത്തെറിച്ചു. ജോജു ജോര്‍ജ് തങ്ങളുടെ സിനിമയില്‍ ഇല്ലെന്ന് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാര്‍ പറഞ്ഞിരുന്നുവെങ്കിലും ചെയര്‍പേഴ്സണ്‍ അനുമതി നല്‍കിയില്ല. ഇതോടെ സിനിമാ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.






