
ഡല്‍ഹിഃ ഡൽഹി-എൻസിആറിലെ ഉയർന്ന അന്തരീക്ഷ മലിനീകരണത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. വിദ്യാര്‍ഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് എന്‍. വി രമണയുടെ ഈ പരാമർശം. വായുമലിനീകരണ വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും നിഷ്ക്രയമാണെന്നും ഹര്‍ജിയില്‍ ആദിത്യ ദുബെ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ ഹര്‍ജി കേട്ട്, അന്തരീക്ഷ മലിനീകരണം നേരിടാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു. അന്തരീക്ഷ മലിനീകരണം ഗുരുതരമായ സാഹചര്യമാണെന്നും ആളുകൾ വീടുകളിലും മാസ്ക് ധരിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ കേന്ദ്രത്തോട് പറഞ്ഞു.
“വായുവിന്റെ ഗുണനിലവാരം സാധാരണ നിലയിലാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ട് ? എക്യുഐ 500 ൽ നിന്ന് 200 പോയിന്റെങ്കിലും കുറയ്ക്കാൻ എങ്ങനെ കഴിയുമെന്ന് ഞങ്ങളോട് പറയൂ. ചില അടിയന്തിര നടപടികൾ സ്വീകരിക്കണം. രണ്ട് ദിവസത്തെ ലോക്ക്ഡൗണിനെക്കുറിച്ചോ മറ്റെന്തെങ്കിലുമോ ചിന്തിക്കാമോ? ആളുകൾക്ക് എങ്ങനെ ജീവിക്കാനാകും? ” ശനിയാഴ്ച രാവിലെ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം 'കടുത്ത' വിഭാഗത്തിൽ തന്നെ തുടർന്നു, എക്യുഐ 473 ആയി രേഖപ്പെടുത്തി. അയൽ പ്രദേശങ്ങളായ നോയിഡ, ഗുഡ്ഗാവ് എന്നിവയുടെ വായു ഗുണനിലവാര സൂചിക യഥാക്രമം 587 ഉം 557 ഉം ആയിരുന്നു.
എന്നാല്‍ മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡൽഹിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലും കൃഷിസ്ഥലത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കൂടിയ മലിനീകരണ തോതിന് കാരണം ഇതാണ്. ഇത് അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംസ്ഥാന സര്‍ക്കാരുകളും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. മലിനീകരണം ഉണ്ടായത് കര്‍ഷകര്‍ കാരണമാണെന്ന തരത്തില്‍ പറയുന്നത് എന്തിനാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണത്തോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. മലിനീകരണത്തിന്റെ ചെറിയ കാരണം മാത്രമാണ് അത്. ബാക്കി കാരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്. ഡല്‍ഹിയിലെ മലിനീകരണം നിയന്ത്രിക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ കര്‍ഷകര്‍ മാത്രമാണ് മലിനീകരണത്തിന് കാരണമെന്നല്ല പറയുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.






