
ന്യുഡല്‍ഹി: ക്രിപ്റ്റോകറന്‍സി തെറ്റായ കരങ്ങളില്‍ എത്തിച്ചേരുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് യുവതയെ ദുഷിപ്പിക്കും. നാം മാറ്റത്തിന്റെ കാലത്താണ്. ഇവിടെ ടെക്നോളജിയും ഡാറ്റയുമാണ് പുതിയ ആയുധങ്ങളെന്നും മോദി പറഞ്ഞു.
'ഇന്ത്യാസ് ടെക്നോളജി: ഇവലൂഷ്യന്‍ ആന്റ് റെവല്യൂഷന്' എന്ന വിഷയത്തില്‍ സിഡ്നി ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിപ്റ്റോകറന്‍സി വിഷയത്തില്‍ ഇതാദ്യമായാണ് മോദി ഒരു പരസ്യ പ്രസ്താവന നടത്തുന്നത്.
ക്രിപ്റ്റോകറന്‍സി ഇന്ത്യന്‍ മാര്‍ക്കറ്റിനെ എങ്ങനെ ദോഷമായി ബാധിക്കുമെന്നും കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകര പ്രവര്‍ത്തനത്തിനും ഇത് സഹായമാകുമോ എന്ന ആശങ്കയും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മോദി തന്നെ വിദഗ്ധരുമായി പങ്കുവച്ചിരുന്നു.






