
കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് എട്ടു വയസ്സുകാരിയെയും പിതാവിനെയും പൊതുനിരത്തില്‍ അപമാനിച്ച സംഭവത്തില്‍ പിങ്ക് പോലീസ് ഓഫീസര്‍ രജിതയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചു. വനിത പോലീസ് ഓഫീസര്‍ തന്നെ ആളുകളുടെ മുന്നില്‍വച്ച് 'കള്ളി'യെന്ന് വിളിച്ചെന്നും പിതാവിനെ പരസ്യമായി വസ്ത്രമഴിച്ച് പരിശോധിച്ചു. മൊബൈല്‍ ഫോണ്‍ പിന്നീട് പോലീസുകാരിയുടെ കാറിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്നുതന്നെ ലഭിച്ചെന്നും പരാതിയില്‍ പറയുന്നു.
പോലീസുകാരിക്കെതിരെ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കുകയാണ് ഉണ്ടായതെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ പറയുന്നു. താന്‍ അനുഭവിച്ച മാനസിക പീഡനത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.
തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനേയും മകളെയുമാണ് പിങ്ക് പോലീസ് റോഡില്‍ വിചാരണ ചെയ്തത്. ഐ.എസ്.ആര്.ഒയിലേക്ക് വന്ന വാഹനം കാണുന്നതിനാണ് ജയന്ദ്രന് മകളെയും കൂട്ടി ആറ്റിങ്ങലില്‍ എത്തിയത്.






