ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കഴിക്കുന്ന ഭക്ഷണരീതിയില്‍ മാറ്റം വരുത്തി ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന വെളിപ്പെടുത്തലുമായി ബിസിസിഐ രംഗത്ത്.
താരങ്ങള്‍ കഴിക്കുന്ന ഭക്ഷണം തീരുമാനിക്കുന്നതില്‍ ബിസിസിഐയ്ക്ക് ഒരു പങ്കുമില്ലെന്നും ഒരു നിബന്ധനയും മുന്നോട്ടുവെച്ചിട്ടില്ലെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ അറിയിച്ചു.
ബിസിസിഐ ടീമംഗങ്ങളോട് ബീഫും പോര്‍ക്കും കഴിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയകളിലും ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ട് വന്നത്. മാത്രമല്ല, ഹിലാല്‍ രൂപത്തില്‍ മാത്രം മാംസം കഴിക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായുമുള്ള റിപ്പോള്‍ട്ടുകള്‍ പുറത്തുവന്നു. ഇതിനു പിന്നാലെ ബിസിസിഐ ഹലാല്‍ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നു എന്ന ഹാഷ് ടാഗില്‍ വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു.
ഇതിന് മറുപടിയുമായാണ് ബിസിസിഐ ട്രഷറര്‍ രംഗത്തെത്തിയത്. ‘ഇത്തരത്തിൽ ഒരു കാര്യം ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. നിലവിൽ ബിസിസിഐ താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാര്‍ഗ്ഗനിര്‍ദേശവും മുന്നോട്ടുവെച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്. അക്കാര്യത്തിൽ ബിസിസിഐയ്ക്ക് ഒരു റോളുമില്ല’ അരുണ്‍ ധുമാല്‍ വ്യക്തമാക്കി.






