
ഹരിദ്വാര്‍: യോഗ ഒരു സമുദായത്തിന്റെയോ മതവിഭാഗത്തിന്റെയോ സ്വന്തമല്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പതഞ്ജലി സര്‍വകലാശാലയുടെ പ്രഥമ ബിരുദദാനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗയുടെ പ്രയോജനം സാധാരണക്കാരെ പരിചയപ്പെടുത്തിയതിന് യോഗ ഗുരു രാംദേവിനെ അദ്ദേഹം പ്രശംസിച്ചു.
മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ലോകമെങ്ങും ആളുകൾ യോഗ ചെയ്യുന്നുണ്ടെന്നും യോഗ സന്ന്യാസിമാർക്കുള്ളതാണെന്ന കാലങ്ങളായുള്ള മിഥ്യാവിചാരം ഇല്ലാതാക്കി എന്നതാണ് രാംദേവിന്റെ വലിയ സംഭാവനയെന്നും രാഷ്ട്രപതി പറഞ്ഞു. പരമ്പരാഗത അറിവിനെ ആധുനികഗവേഷണവുമായി സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയുടെ പേരിൽ പതഞ്ജലി സർവകലാശാലയെ അദ്ദേഹം പ്രശംസിച്ചു. രാംദേവാണ് സർവകലാശാലയുടെ ചാൻസലർ, ആചാര്യ ബാലകൃഷ്ണയാണ് വൈസ് ചാൻസലർ.






