
മാംസാഹാരം വിറ്റ കച്ചവടക്കാരുടെ വാഹനങ്ങൾ പിടിച്ചെടുത്ത അഹമ്മദാബാദ് കോർപറേഷന്റെ നടപടിയെ ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതി. 25 തെരുവോര കച്ചവടക്കാരുടെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 24 മണിക്കൂറിനകം പിടിച്ചെടുത്ത വാഹനങ്ങൾ കച്ചവടക്കാർക്ക് തിരിച്ചു നൽകണമെന്നും കോടതി ഉത്തരവിട്ടു. ഉത്തരവുകളോ മുന്നറിയിപ്പുകളോ ഒന്നുമില്ലാതെയായിരുന്നു മാംസാഹാരം വിറ്റ കച്ചവടക്കാരുടെ വണ്ടികൾ വണ്ടികൾ കോർപ്പറേഷൻ പിടിച്ചെടുത്തത്.
മുനിസിപ്പൽ കോർപ്പറേഷന് എന്താണ് പ്രശ്നമെന്ന് ചോദിച്ചു തുടങ്ങിയ കോടതി പിന്നാലെ നിരവധി വിമർശനങ്ങൾ ഉന്നയിച്ചു. ‘നിങ്ങൾക്ക് മാംസാഹാരം ഇഷ്ടമല്ലേ? അത് നിങ്ങളുടെ കാഴ്ചപ്പാടും താൽപ്പര്യവും. ഞാൻ പുറത്തിറങ്ങി എന്ത് കഴിക്കണമെന്ന് നിങ്ങൾക്കെങ്ങനെ തീരുമാനിക്കാനാകും?’
നിങ്ങൾ നാളെ കരിമ്പ്ജ്യൂസ് കുടിക്കരുത് പ്രമേഹം വരുമെന്ന് പറയുമോ? കാപ്പി ആരോഗ്യത്തിനു ഹാനികരമാണെന്ന് പറഞ്ഞാൽ അതും അനുസരിക്കണോ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉന്നയിച്ച് ജസ്റ്റിസ് ബിരേൺ വൈഷ്ണവ് കോടതിയിൽ ക്ഷുഭിതനായി.






