
അഹമ്മദാബാദ്: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തെ കുറിച്ച് മോശം പരാമര്‍ശം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് ഗുജറാത്തില്‍ അറസ്റ്റില്‍. അഹമ്മദാബാദ് സൈബര്‍ ക്രൈം സെല്‍ ആണ് ശിവഭായ് റാം എന്ന 41കാരനെ അറസ്റ്റു ചെയ്തത്. അംറേലി ഭേരൈ സ്വദേശിയാണ് ഇയാള്‍.
ഇദ്ദേഹം മുന്‍പ് ചെയ്ത പല പോസ്റ്റുകളും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്ളതാണെന്നും അതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടിയെന്നും പോലീസ് വിശദീകരിക്കുന്നു. എന്നാല്‍ ജനറല്‍ റാവത്തിനെതിരായ മോശം പരാമര്‍ശം നടത്തിയതിനെ കുറിച്ച് പോലീസിന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നില്ല.
ശിവഭായ് അധിര്‍ എന്ന പേജിലൂടെയാണ് ഇയാള്‍ പരാമര്‍ശം നടത്തിയത് .ഹിന്ദു ദൈവങ്ങളെയും ജനപ്രതിനിധികളെയും അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഇയാളുടെ പേജിലുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ജിതേന്ദ്ര യാദവ് പറയുന്നു.
സെക്ഷന്‍ 153-എ പ്രകാരമാണ് കേസ്. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ ബോധപൂര്‍വ്വം നടത്തി തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2010 മുതല്‍ 2014 വരെ ഗ്രാമത്തിലെ ഉപ സര്‍പഞ്ചായിരുന്നു ശിവഭായ്. അടുത്ത തിരഞ്ഞെടുപ്പില്‍ സര്‍പഞ്ച് ആകാന്‍ ഇയാള്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി വിവാദ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തി ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്ന് എസിപി പറഞ്ഞു.






