
ദുബൈ: ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം യു.എ.ഇയാണെന്ന് കണക്കുകൾ. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പാർലമെൻറിൽ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷത്തിന്റെ ആദ്യ പാദം ടൂറിസ്റ്റ് വിസയിൽ മാത്രമെത്തിയത് 3,14,495 ഇന്ത്യക്കാരാണെന്ന് കണക്കിൽ പറയുന്നു. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ടൂറിസ്റ്റ് വിസയിൽ പോയതും യു.എ.ഇയിലേക്കാണ്. 2020 മാർച്ചിൽ കോവിഡിനെത്തുടർന്ന് ഇന്ത്യ യാത്രവിലക്ക് ഏർപെടുത്തുന്നതിന് മുൻപുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 50 ശതമാനത്തിലേറെ വർധനവാണ് ഇക്കുറി.
എം.പിമാരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷത്തെ ആദ്യ പാദത്തിലെ കണക്കും കഴിഞ്ഞ വർഷം വിമാനസർവീസ് നിർത്തിയ സമയത്തെ കണക്കും മാത്രമാണ് എം.പിമാർ ചോദിച്ചത്. ഇതിനിടയിലുള്ള കാലത്ത് കോവിഡ് ആയതിനാൽ കണക്കെടുപ്പിന് കാര്യമായ പ്രസക്തി ഇല്ലാത്തതിനാലാണ് നിശ്ചിത മാസങ്ങളിലെ കണക്കുകൾ മാത്രം ഉന്നയിച്ചത്. എന്നാൽ, എയർബബ്ൾ കരാറിന് ശേഷവും ഏറ്റവും കൂടുതൽ യാത്രക്കാർ ദുബൈയിലലെത്തിയത് ഇന്ത്യയിൽ നിന്നാണ്.





