
ന്യുഡല്‍ഹി: രാജ്യത്ത് വാക്സിനേഷന് യജ്ഞത്തിന്റെ അടുത്ത ഘട്ടത്തില്‍ വാക്സിന് ലഭിക്കുന്ന 20.4 കോടി പേര്‍ക്ക്. ഇതില്‍ 13 കോടി പേര് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുമ്പോള്‍ 7.4 കോടി കൗമാരക്കാരും ആദ്യഡോസ് വാക്സിന് സ്വീകരിക്കും. 15-18 പ്രായപരിധിയിലുള്ളവരാണ് വാക്സിന് ലഭിക്കുന്ന കുട്ടികള്‍.
ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നവരില്‍ മൂന്ന് കോടി പേര് ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പ്രവര്‍ത്തകരുമാണ്. 10 കോടി പേര് അറുപത് വയസ്സ് കഴിഞ്ഞവരും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരുമാണ്.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിനേഷന് അടുത്ത ഘട്ടം തുടങ്ങുന്ന വിവരം അറിയിച്ചത്. ജനുവരി മൂന്ന് മുതലാണ് വാക്സിനേഷന്. 2011ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയാണ് വാക്സിന് നല്‍കേണ്ട കൗമാരക്കാരെ കണ്ടെത്തുക.
12 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന് നിബന്ധനകള്‍ക്ക് വിധേയമായി നല്കാന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. സിഡസ് കാഡിലയുടെ നീഡില്‍ ഫ്രീ വാക്സിന് ആയ സൈകോവി-ഡിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.
2021 ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷന് യജ്ഞം ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു ആദ്യഘട്ടം. ഒരുകോടി പേര് അന്ന് വാക്സിന് സ്വീകരിച്ചു. ഫെബ്രുവരി മുതല്‍ മുന്നണി പോരാളികളെ വാക്സിന് തിരഞ്ഞെടുത്തു. രണ്ട് കോടിയോളം പേര് വരുമിത്. കഴിഞ്ഞ വര്‍ഷം വാക്സിന് സ്വീകരിച്ചതിലെ ഇടവേള പരിശോധിച്ചായിരിക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുക.
2011ലെ സെന്‍സസ് പ്രകാരം 60 വയസ്സിനു മുകളില്‍ പ്രായമുള്ള 13.79 കോടി പേര് രാജ്യത്തുണ്ട്. 2020ല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തില്‍ ഇവരില്‍ 75% പേരും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരാണ്. 36.4% പേര് ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരാണ്. 32% പേര് ഹൈപ്പര്‍ ടെന്‍ഷനും 14.2% പേര് ഡയബെറ്റിക് പ്രശ്നങ്ങളും 8.3% പേര് ഗുരുതര ശ്വാസകോശ പ്രശ്നങ്ങളും 5.2% പേര് ഹൃദ്രോഗികളും 2.7% പേര് പക്ഷാഘാതം നേരിട്ടവരുമാണ്.
60 കഴിഞ്ഞവരില്‍ 12.05 കോടി പേര് ഒരു ഡോസ് വാക്സിന് എങ്കിലും സ്വീകരിച്ചിട്ടുണ്ട്. 9.24 കോടി പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.






