
ക്യാന്‍സര്‍ രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന് അകാലത്തില്‍ വിടപറഞ്ഞ നടന് ജിഷ്ണുവിനെതിരെ ഉയര്‍ന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഭാര്യ ധന്യ രംഗത്ത്. ക്യാന്‍സര്‍ രോഗത്തിന്റെ വേദന കടിച്ചമര്‍ത്തിക്കഴിയുന്ന ദിവസങ്ങളിലാണ് 'ജിഷ്ണു മരിച്ചു' എന്ന തരത്തില്‍ വാട്സാപ്പ്, ഫേസ്ബുക്ക് സന്ദേശങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. അദ്ദേഹം രോഗത്തിന്റെ കാഠിന്യത്തില്‍ നിന്നും തിരിച്ചു വന്നുകൊണ്ടിരിക്കേ പ്രചരിച്ച ഇത്തരം സന്ദേശങ്ങള്‍ തന്നെയും കുടുംബത്തെയും ഏറെ നോവിച്ചുവെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ധന്യ മനസ്സുതുറന്നു.
ജിഷ്ണുവിനെ രണ്ടാമതും ക്യാന്‍സര്‍ പിടികൂടിയ സമയത്താണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. ഇതൊക്കെ കാണുമ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു താനും കുടുംബവും. വ്യാജവാര്‍ത്തകള്‍ക്ക് പിന്നാലെ നിലക്കാത്ത ഫോണ്‍വിളികള്‍. ഇവരോടൊക്കെ മറുപടി പറയാനാകാതെ ഏറെ വിഷമിച്ചിട്ടുണ്ട്.
എന്നാല്‍, ജിഷ്ണു ഇതെല്ലാം മുന്‍കൂട്ടി കണ്ടിരുന്നു. രാവിലെ തന്നെ പറയും ഇപ്പോള്‍ വരും ഞാന്‍ മരിച്ചു എന്ന വാട്സാപ്പ് മെസേജ്. ഇതും പറഞ്ഞ് പലപ്പോഴും ചിരിക്കുമായിരുന്നു. ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന ഇത്തരക്കാരോട് എന്ത് പറയണമെന്ന് തനിക്ക് അറിയില്ലെന്നും ധന്യ പറയുന്നു.






