
സോഷ്യല്‍ മീഡിയയ്ക്കും മലയാള സിനിമാസീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. സീരിയല്‍ താരവും അവതാരകയുമൊക്കെയായ പ്രിയ മലയാളികളുടെ പ്രിയ അഭിനേത്രി പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയാണ്. മുംബൈ പൊലീസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാല്‍. ഇരുവരും അഭിനയത്തേക്കാളേറെ ബിസിനസിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വസ്ത്രവ്യാപാര രംഗത്തും യൂട്യൂബ് വ്ലോഗിംഗിലും തിളങ്ങി നില്‍ക്കുന്ന ദമ്പതിമാര്‍ തങ്ങളുടെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്.
ഒരു വര്‍ഷം മുമ്പ് തന്നെ ബാധിച്ച ഫൈബ്രോമയാൾജിയ എന്ന രോഗത്തെക്കുറിച്ച് പ്രിയ തന്റെ ചാനലിലൂടെ പങ്കിട്ടിരുന്നു. പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന നൽകുന്ന ഈ അപൂർവ രോഗം തന്നെ ബാധിച്ചെന്നും ചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലം ശരീരഭാരം വരെ വര്‍ദ്ധിച്ചെന്നുമാണ് പ്രിയയും നിഹാല്‍ തന്റെ ചാനലിലൂടെ പങ്കിട്ടത്.
ഇപ്പോഴിതാ ഒരു വര്‍ഷത്തിനിപ്പുറം ഈ രോഗത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പങ്കിടുകയാണ് താരദമ്പതിമാര്‍. പുതിയ വ്ളോഗിലൂടെയാണ് ഫൈബ്രോമയാൾജിയ എന്ന രോഗത്തെക്കുറിച്ച് ഇരുവരും കൂടുതല്‍ വിശദമായി സംസാരിച്ചത്.
‘‘ഫൈബ്രോമയാള്‍ജിയ എന്ന കണ്ടീഷനെക്കുറിച്ച് കുറേപേര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഈയൊരു കണ്ടീഷനാണെന്ന് അറിഞ്ഞിട്ട് ഒരുവര്‍ഷമായി. ട്രീറ്റ്‌മെന്റ് തുടങ്ങിയിട്ട് ആറ് മാസമായതേയുള്ളൂ. റുമറ്റോളജിസ്റ്റിനെയാണ് ഞങ്ങള്‍ കണ്ടത്. മരുന്നുകള്‍ ഏതാണെന്നൊന്നും പറയുന്നില്ല. ഓരോരുത്തരുടെ കണ്ടീഷന്‍ നോക്കി ഡോക്ടറാണ് മരുന്ന് തീരുമാനിക്കേണ്ടത്. ബ്ലഡ് ടെസ്റ്റ് എടുത്താണ് ഡോക്ടർ എപ്പോഴും മരുന്ന് തന്നിരുന്നത്. സ്റ്റിറോയ്ഡ്‌സ് ആണ് തരുന്നത്. ഒറ്റയടിക്ക് ഡോസ് കുറയ്ക്കാനും കൂട്ടാനും പറ്റില്ല. എങ്കിലും ശരീരവേദന കുറഞ്ഞിട്ടുണ്ട്. നേരത്തെ കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍ പോലും കൈ പൊങ്ങില്ലായിരുന്നു. ബെഡില്‍ നിന്നും തനിയെ എഴുന്നേല്‍ക്കാന്‍ പറ്റില്ലായിരുന്നു. അതിനു പോലും ദിലുവിന്റെ സപ്പോര്‍ട്ട് വേണമായിരുന്നു. അതില്‍ നിന്ന് വ്യത്യാസം വന്നിട്ടുണ്ട്.
പാര്‍ലറില്‍ പോയാണ് ഹെയര്‍ വാഷ് ചെയ്തിരുന്നത്. ബോഡി പെയ്‌നൊക്കെ ഇപ്പോള്‍ നല്ല കുറവുണ്ട്. പക്ഷേ, മരുന്ന് നിര്‍ത്താന്‍ പേടിയാണ്. പഴയ സ്റ്റേജിലേക്ക് പോവുമോ എന്നറിയില്ല. ഇതിനൊപ്പം എക്‌സര്‍സൈസും, വര്‍ക്കൗട്ടുമൊക്കെ തുടങ്ങാനാണ് പറഞ്ഞത്. നന്നായി നടക്കാനും പറഞ്ഞിട്ടുണ്ട്.
ഉറക്കമില്ലായ്മയും ക്ഷീണവും മാനസിക സമ്മര്‍ദ്ദവുമാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. മറ്റൊരാള്‍ക്ക് നോക്കി കഴിഞ്ഞാല്‍ മടിയാണെന്നേ തോന്നൂ. പൊതുവെ സ്ത്രീകള്‍ക്കാണ് ഈയൊരു അവസ്ഥ വരുന്നത്. ഡോക്ടറെ കണ്ടാലേ നിങ്ങളുടെ അവസ്ഥ ഏതാണെന്ന് മനസിലാവുകയുള്ളൂ. ഡയറ്റും ഡോക്ടര്‍മാര്‍ പറയുന്നതിനനുസരിച്ച് ചെയ്യണം. യോഗയും, എക്‌സര്‍സൈുമൊക്കെ ചെയ്യുന്നത് റിലാക്‌സേഷനാണ്. പക്ഷേ, ശരീരം ഓക്കെയാണെന്ന് ഉറപ്പിച്ചേ അത് ചെയ്യാവൂ. ഉറക്കം കൃത്യമാക്കിയാല്‍ തന്നെ പകുതി അസുഖവും കുറയും...ഈ അസുഖമുള്ളവര്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് ഒപ്പമുള്ളവരുടെ സപ്പോര്‍ട്ടാണ്. അവരെ മനസ്സിലാക്കി അവര്‍ക്കൊപ്പം നില്‍ക്കുക, ചികിത്സിക്കുക എന്നുള്ളതാണ് ആദ്യം വേണ്ടത്....’’ പ്രിയ മോഹനും നിഹാലും വീഡിയോയില്‍ പങ്കുവച്ചു.






