
ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനംചെയ്ത ‘കിരീടം’ വര്‍ഷങ്ങള്‍ക്കിപ്പുറവും എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായി പ്രേക്ഷകമനസ്സില്‍ നിലനില്‍ക്കുന്നു. ആ സിനിമ നിര്‍മ്മിച്ചതിലൂടെ കിരീടം ഉണ്ണിയായി മാറിയ നിര്‍മ്മാതാവാണ് എന്‍. കൃഷ്ണകുമാര്‍. കൃപാ ഫിലിംസിന്റെ ബാനറിലാണ് കൃഷ്ണകുമാര്‍ സിനിമ നിര്‍മ്മിച്ചിരുന്നത്. ലോഹിതദാസുമായി വലിയ ഒരു ആത്മബന്ധം തന്നെ കൃഷ്ണകുമാറിനുണ്ട്. യാത്രകളിലും മറ്റും കൃഷ്ണകുമാര്‍ ലോഹിയ്ക്കൊപ്പമുണ്ടായിരുന്നു. ഇന്നും ലോഹിതദാസിന്റെ പേര് പറയുമ്പോള്‍ കൃഷ്ണകുമാര്‍ വികാരധീനനാകാറുണ്ട്.
ഇപ്പോഴിതാ ലോഹിതദാസിന്റെ മികച്ച സിനിമകളില്‍ എടുത്ത പറയാവുന്ന ‘ജോക്കര്‍’ എന്ന സിനിമയെക്കുറിച്ച് പറയുകയാണ് കൃഷ്ണകുമാര്‍. ഇന്നും ലോഹിതദാസുമായി ബന്ധപ്പെട്ട് ഒരുാപാട് സംഭവങ്ങള്‍ കൃഷ്ണകുമാര്‍ പങ്കിടാറുണ്ട്.
‘‘ലോഹിയുടെ ജീവിതവീക്ഷണം എത്രത്തോളം ആഴമുള്ളതായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കിത്തന്ന ഒരു സംഭവമുണ്ട്. ഒരു ദിവസം ഞാനും ലോഹിയും സിന്ധുവും ലോഹിയുടെ രണ്ട് മക്കളും കൂടെ ഗുരുവായൂർ അമ്പലത്തിൽ ദീപാരാധന തൊഴാൻ പോയി. വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ അമ്പലത്തിലേക്ക് നടക്കുമ്പോഴാണ് വഴിയരികിൽ ഒരു തെരുവ് സർക്കസ് കണ്ടത്. കുറച്ചു കുട്ടികൾ ചെണ്ടകൊട്ടി നടത്തുന്ന ഒന്നായിരുന്നു അത്.
ഞാൻ നോക്കുമ്പോൾ ഒരു കൊച്ചുകുട്ടി ഒരു ടിന്നിന്റെ മുകളിൽ പലകയിട്ട് അതിൽ ബാലൻസ് ചെയ്ത് ആടുകയാണ്. ദീപാരാധനയ്ക്ക് സമയമാകുന്നതു കൊണ്ട് ഞാൻ പറഞ്ഞു: ‘ലോഹീ വാ, സമയമായി നമുക്ക് പോകാം....’
എന്നാൽ ലോഹി അവിടെത്തന്നെ നിന്നു. ‘നിങ്ങൾ പോയി തൊഴുതിട്ട് വാ, ഞാൻ ഇതൊന്ന് കണ്ടോട്ടെ’ എന്നായിരുന്നു പുള്ളിയുടെ മറുപടി. സത്യം പറഞ്ഞാൽ എനിക്ക് നല്ല ദേഷ്യം വന്നു! കാരണം, അമ്പലത്തിൽ കൃത്യസമയത്ത് എത്താനായി അത്രയും വേഗത്തിൽ വണ്ടി ഓടിച്ചാണ് ഞാൻ വന്നത്. എന്നിട്ട് അയാൾ അമ്പലത്തിൽ കയറാതെ ഈ തെരുവ് സർക്കസും കണ്ട് നിൽക്കുന്നു! ഞാൻ വീണ്ടും നിർബന്ധിച്ചെങ്കിലും ലോഹി കേൾക്കാതെ ആ കൂട്ടത്തിലേക്ക് നടന്നുപോയി. ഒടുവിൽ ഞാനും സിന്ധുവും മാത്രം പോയി തൊഴുതു മടങ്ങി. ഞങ്ങൾ തിരിച്ചുവന്നപ്പോൾ പുള്ളി അവിടെ ഒരു കടത്തിണ്ണയിൽ ഭയങ്കര ആലോചനയിൽ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ അപ്പോൾ ഒരു വലിയ കഥ രൂപപ്പെടുകയായിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്. ഞങ്ങൾ അടുത്തേക്ക് ചെന്നപ്പോൾ പുള്ളി എന്നോട് പറഞ്ഞു:
ആ കൊച്ചുകുട്ടി കഴുത്തിൽ ഒരു ഇരുമ്പ് ദണ്ട് വെച്ച്, അത് കുത്തി വളച്ചാണ് നടന്നത്. ഒരു നിമിഷം പിഴച്ചാൽ ആ കുട്ടിയുടെ ജീവൻ പോകും... അതാണെടോ ജീവിതം! അത്രയും ചെറിയൊരു തെരുവ് കാഴ്ചയിൽ നിന്ന് പോലും ജീവിതത്തിന്റെ ആഴമേറിയ സത്യം ദർശിക്കാൻ ലോഹിക്കേ കഴിയൂ. അതായിരുന്നു അദ്ദേഹത്തിന്റെ പ്രതിഭ...’ കിരീടം ഉണ്ണി പറഞ്ഞു.
ആച്ചിസ് ഫിലിംസ് എന്ന ബാനറിൽ എ കെ ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സലിം സത്താർ നിർമ്മിച്ച സിനിമയായിരുന്നു ജോക്കര്‍. നര്‍മ്മത്തിലൂടെ തുടങ്ങി നൊമ്പരങ്ങളുടെ മഹാസാഗരം തുറന്നു നല്‍കിയ ഈ സിനിമ ദിലീപിന്റെ കരിയറിനെത്തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു. ദിലീപിനെക്കൂടാതെ മന്യ , നിഷാന്ത് സാഗർ, ബഹാദൂർ, ടി എസ് രാജു, മാമുക്കോയ, ബിന്ദു പണിക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ഇത്.






