
ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇവരുടെ സിനിമകള്‍ മാത്രമല്ല അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം വലിയ തോതില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി താരസംഘടനയായ ‘അമ്മ’യില്‍ കലുഷിതമായ അന്തരീക്ഷമാണ്. ആരോപണങ്ങളും വാക്പോരുകളും പോലീസ് കേസുകളുമടക്കം നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോകുകയാണ് ‘അമ്മ’. ഉള്ളില്‍ വലിഞ്ഞു മുറുകുന്ന സങ്കടത്തോടെ ജനറൽ ബോഡിയിൽ വികാരധീനനായി മോഹന്‍ലാല്‍ സംസാരിച്ചതൊഴിച്ചാല്‍ ആ പ്രശ്നങ്ങളെക്കുറിച്ച് മമ്മൂട്ടിയോ മോഹന്‍ലാലോ ഒന്നും തന്നെ പറയുന്നില്ല.
ഇപ്പോഴിതാ എന്തുകൊണ്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും നിശബ്ദത പാലിക്കുന്നതെന്ന് പറയുകയാണ് നടന്‍ മഹേഷ്. വല്ല്യേട്ടന്മാരുടെ നിശബ്ദതയാണ് ശരിക്കും അത്ഭുതപ്പെടുത്തുന്നതെന്നും അവരുടെ ഒരുപാട് നാളത്തെ പ്രയത്നമാണ് ഇതിന്റെ പിന്നിലുള്ളതെന്നും ആ വിഷമം കൊണ്ടാവും അവര്‍ നിശബ്ദത പാലിക്കുന്നതെന്നുമാണ് മഹേഷ് പറയുന്നത്.
‘‘എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയത് ഇത്രയും പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ ഇതിന്റെ വലിയേട്ടന്മാർ അല്ലെങ്കിൽ നമ്മളെ ഇത്രയും നാൾ നയിച്ചുപോന്നതില്‍ നട്ടെല്ലായിട്ട് നിന്നവരുടെ ഒരു നിശബ്ദതയാണ്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ. വിഷമം ഉണ്ടാകുന്നുണ്ട് ആ നിശബ്ദത അതാണ് പേര് പറയാൻ കാരണം.
പക്ഷേ അവരുടെ ഒരു വിഷമമാണ് കേട്ടോ ഇതൊക്കെ. കാരണം അവരുടെയൊക്കെ എത്ര നാളത്തെ പ്രയത്നമാണ് ഇതിന്റെ പിന്നിലുള്ളത്. നമ്മുടെ ഫണ്ട് പ്രധാനമായിട്ടും വന്നുകൊണ്ടിരുന്നത് ഷോകളിൽ നിന്നാണ്. ഈ ഷോയ്ക്കൊക്കെ വേണ്ടി ലാൽ സാറും മമ്മൂക്കയുമൊക്കെ എത്രയോ ദിവസങ്ങൾ അവരുടെ ഷൂട്ടിങ്, അവരുടെ വരുമാനം എല്ലാം മാറ്റിവെച്ചുകൊണ്ട് പങ്കെടുക്കാറുണ്ട്. അവർ മാത്രമല്ല കേട്ടോ, ഒരുപാട് പേരുണ്ട്. മനോജ് കെ ജയൻ, സിദ്ധിഖ് അടക്കം ഒരുപാട് പേര്‍. പക്ഷേ ഞാൻ പറഞ്ഞത് അവരുടെയൊക്കെ സിനിമകൾ മാറ്റിവെച്ചിട്ട്, എത്രയോ ദിവസത്തെ റിഹേഴ്സലും മറ്റ് കാര്യങ്ങളും എല്ലാം ചെയ്ത് ഇതിനെ ഇതിനെ വളർത്തിക്കൊണ്ടുവരുവാൻ അവർ പ്രയത്നിച്ചതാണ്. ഇതിന്റെ ഫിനാൻഷ്യൽ കണ്ടീഷൻ സ്റ്റേബിൾ ആക്കാൻ ഒക്കെയായിരുന്നു അതെല്ലാം. ഇപ്പോൾ കമ്മീഷൻ, അടിത്തട്ടുവെട്ട്, എന്നൊക്കെ ആരോപണങ്ങളാണ്. അറിയില്ല. നമുക്കറിയില്ല, അതിന്റെ സത്യാവസ്ഥയൊന്നും അറിയില്ല. പക്ഷേ ആണെങ്കിൽ അതിൽ പരം ഇനി എന്താണ്? നമ്മുടെ അഭിനേതാക്കൾക്കിടയിൽ എവിടെയാണ് മതവും ജാതിയുമെന്ന് മനസ്സിലാകുന്നില്ല...’ മഹേഷ് പറഞ്ഞു.
അഞ്ഞൂറിലേറെ വരുന്ന അംഗങ്ങൾക്ക്, പ്രത്യേകിച്ചും മുതിർന്ന നടീനടന്മാർക്ക് സേവനവും സഹായവും നൽകുകയെന്ന ഉദ്ദ്യേശത്തോടെ സ്ഥാപിച്ച സംഘടനയാണിത്. വര്‍ഷങ്ങളായി ഒരു വഴക്കുകളും പ്രശ്നങ്ങളുമില്ലാതെ നിലനിന്നിരുന്ന സംഘടനയ്ക്ക് ആദ്യമായി ഒരു ആഘാതം വന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടോടു കൂടിയാണ്. അവിടെത്തുടങ്ങിയ പ്രശ്നങ്ങള്‍ സംഘടനയുടെ ഭരണസംവിധാനം തന്നെ മാറ്റിമറിച്ചു. ചരിത്രത്തിലാദ്യമായി വനിത നേതൃത്വം നിലവില്‍ വന്നു. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പു തന്നെ ‘അമ്മ’യ്ക്കുള്ളിൽ ഭരണപരമായ പ്രതിസന്ധികളും ആഭ്യന്തര കലഹങ്ങളും രൂക്ഷമായി. അവസാനം ശ്വേത മേനോന്‍ പ്രസിഡന്റായ ഭരണസമിതി രാജി വച്ചു. അതിനു ശേഷം എംഎല്‍എ കൂടിയായ നടന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്ഹോക് കമ്മറ്റി നിലവില്‍ വന്നെങ്കിലും പ്രശ്നങ്ങള്‍ ഉടലെടുത്തതോടു കൂടി അതും രാജിയില്‍ ചെന്നവസാനിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ നാഥനില്ലാ കളരി പോലെ അനാഥമായിരിക്കുകയാണ് ‘അമ്മ’യുടെ ഭവണസംവിധാനം.






