
കുറുക്കന് മൂലയുടെ രക്ഷകനായിരുന്ന മിന്നല്‍ മുരളി ഇന്ന് അതും കടന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും ആരാധകർ മിന്നൽ മുരളി പശ്ചാത്തലമാക്കിയുള്ള വീഡിയോകൾ പങ്കുവെക്കുന്നുമുണ്ട്. ഇപ്പോഴിതാ മിന്നൽ മുരളിയുടെ ആ ആരാധകവൃന്ദത്തിലേക്ക് ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജ കൂടെ. മിന്നല്‍ മുരളിയിലെ 'തീ മിന്നല്‍ തിളങ്ങി' എന്ന ഗാനത്തിനൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന ജഡേജയുടെ വീഡിയോ ഹിറ്റായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജഡേജ തന്നെയാണ് വീഡിയോ 'ഗെറ്റിംഗ് ബാക്ക് മിന്നല്‍ വേഗത്തില്‍' എന്ന കുറിപ്പോടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
നിരവധി ആരാധകരാണ് ജഡേജയുടെ മിന്നൽ വേഗത്തിലുള്ള വർക്കൗട്ടിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. 'മിന്നൽ എഫക്ട്', 'മിന്നൽ ജഡു' എന്നിങ്ങനെ പ്രതികരണങ്ങൾ. നടൻ ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും കമന്റ് ബോക്സിൽ മിന്നൽ ഇമോജി പങ്കുവെച്ചിട്ടുണ്ട്.
ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേല്‍പ്പായിരുന്നു തുടക്കം മുതലേ 'മിന്നല്‍ മുരളി'ക്ക് ലഭിച്ചുകൊണ്ടിരുന്നത്. 24ന് ഉച്ചയ്ക്ക് 1.30നായിരുന്നു റിലീസ്. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ നാലരയോടെ എത്തിത്തുടങ്ങിയിരുന്നു. അടുത്തകാലത്തൊന്നും ഇത്രയും ആകാംഷനിറഞ്ഞതും എന്നാല്‍ റിലീസിന് ശേഷം അതെ ആവേശം തന്നെ നിലനിര്‍ത്തുന്നതുമായ സിനിമ 'മിന്നല്‍ മുരളി' തന്നെയാണ് എന്ന നിരവധി പ്രതികരണങ്ങളും ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമാണ്.






