തൃശ്ശൂർ: പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിലൂടെ ഓര്‍ഡര്‍ നൽകിയ സൈക്കിളിന് പകരം ലഭിച്ചത് പഴയ സൈക്കിൾ ഭാഗങ്ങളും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും. ഓഫർ കണ്ട് സൈക്കിൾ വാങ്ങാൻ പണമടച്ച് കാത്തിരുന്ന കോലഴി സ്വദേശി ജയകുമാറാണ് വന്‍ തട്ടിപ്പിനിരയായത്.
27-നാണ് ജയകുമാർ പതിനഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഉപയോഗിക്കാവുന്ന 21 ഗിയറുകളുള്ള ‘ഹൊബർസെന്റ് മെസുസ’ എന്ന
സൈക്കിളിന് ഓർഡർ നൽകിയത്. വില 42,500 രൂപയുണ്ടെങ്കിലും ഓഫർ പ്രൈസായി 11,450 രൂപയ്ക്കാണ് ഓർഡർ കൊടുത്തത്. ജനുവരി 11നു സൈക്കിൾ എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും 4 ദിവസം മുൻപു തന്നെ വീട്ടിലെത്തിച്ചു.
പ്രമുഖ കമ്പനിയുടെ ഗീയർ സൈക്കിളിനായി കാത്തിരുന്ന ജയകുമാറിന് ലഭിച്ചത് തുരുമ്പിച്ച ഒരു ചക്രവും ട്യൂബും പ്ലാസ്റ്റിക് ചാക്കുകളുമാണ്. ഗ്രേറ്റ് ഇന്ത്യ ട്രേയ്ഡേഴ്സ് എന്ന കമ്പനിയാണ് വിതരണക്കാർ. ഓൺലൈനിലൂടെ ഒട്ടേറെത്തവണ സാധനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം അനുഭവമെന്ന് ജയകുമാർ പറയുന്നു. ബോക്സ് തിരിച്ചയച്ച അദ്ദേഹം സൈറ്റിനും വിയ്യൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകി.






