
പതിനൊന്നാം വിവാഹ വാർഷികം ആഘോഷിച്ച് രമേശ് പിഷാരടിയും ഭാര്യ സൗമ്യയും. പിഷാരടി തന്നെയാണ് ഭാര്യ സൗമ്യയോടൊപ്പമുള്ള മനോഹരമായ ഫോട്ടോ പങ്കുവച്ച്. താരം തന്നെയാണ് വിവാഹ വാർഷിക വാർത്ത ആരാധകരെയും അറിയിച്ചത്. ‘ഒന്നുകിൽ പിന്തുണയ്ക്കുന്ന പങ്കാളി വേണം, അല്ലെങ്കിൽ പങ്കാളിയേ വേണ്ട. ഇതിൽ മൂന്നാമതൊരു തിരഞ്ഞെടുപ്പില്ല.’–രമേശ് പിഷാരടി പറഞ്ഞു. സഹപ്രവർത്തകരും ആരാധകരുമുൾപ്പടെ നിരവധിപ്പേരാണ് പിഷാരടിക്കും ഭാര്യയ്ക്കും ആശംസകളുമായി എത്തുന്നത്. 2011ലായിരുന്നു സൗമ്യയും രമേശ് പിഷാരടിയും തമ്മിലുള്ള വിവാഹം. മൂന്ന് മക്കളാണ്.
മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ധർമജൻ ബോൾഗാട്ടിക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008- ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.






