
‘1921, പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സംവിധാനം 'രാമസിംഹൻ' എന്നും വച്ചതിൽ വിശദീകരണവുമായി അലി അക്ബർ. ആചാര വിധി പ്രകാരം ഹിന്ദുവായി പേര് മാറ്റിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലും സിനിമയുടെ റജിസ്ട്രേഷനിലും ഇപ്പോഴും അലി അക്ബർ എന്ന പേരുതന്നെയാണെന്നും അതുകൊണ്ടാണ് നിർമാതാവിന്റെ പേര് മാറ്റാൻ കഴിയാത്തതെന്നും അലി അക്ബർ എന്ന രാമസിംഹൻ പറഞ്ഞു. പേര് മാറ്റിയതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിരവധി വിമർശനങ്ങളാണ് അലി അക്ബർ നേരിടുന്നത്.
‘എന്താടാ ഫെയ്സ്ബുക്കിലെ പേര് മാറ്റാത്തത്’ എന്ന് ഇന്നും ആളുകൾ മെസ്സേജ് അയച്ചു ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്. പേര് മാറ്റുന്നതും മാറ്റാത്തതും എന്റെ മാത്രം കാര്യമാണ്. മറ്റുള്ളവർ എന്തുപറയുന്നു എന്ന് ഞാൻ ശ്രദ്ധിക്കാൻ പോകുന്നില്ല. ട്രോള് ചെയ്യാൻ ഉള്ളവർ ചെയ്യും പിന്തുണയ്ക്കുന്നവർ അതും ചെയ്യും. അതൊന്നും എന്റെ വിഷയമല്ല.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരമദിനമായിരുന്നു ജനുവരി 20. അതുകൊണ്ടാണ് ഞാൻ ചിത്രത്തിന്റെ പ്രിവ്യു ഷോ അന്ന് തന്നെ കാണിച്ചത്. ചിത്രം റിലീസിന് തയാറായി കഴിഞ്ഞു. തിയറ്ററിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഓൾ ഇന്ത്യാ റിലീസ് ആണ് ചെയ്യാൻ ആഗ്രഹിക്കുന്നത് അതുകൊണ്ടു ഹിന്ദിയിലേക്ക്കൂടി മൊഴി മാറ്റണം. കോവിഡിന്റെ ഭീഷണി ഒന്ന് ഒതുങ്ങിയാൽ ചിത്രം റിലീസ് ചെയ്യാം എന്ന് കരുതുന്നു.’ അദ്ദേഹം പറയുന്നു.






