കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. സുരേഷിനെ ഐ.സി.യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.
വാവ സുരേഷ് സംസാരശേഷിയും ഓര്‍മയും പൂര്‍ണ്ണമായും വീണ്ടെടുത്തു. ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകള്‍ തുടരുമെന്നും ഏതാനും ആഴ്ചകള്‍ കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സംസാരിച്ചു തുടങ്ങിയിരുന്നു. ഭക്ഷണവും നല്‍കിയിരുന്നു.
തിങ്കളാഴ്ച കോട്ടയം കുറിച്ചിയില്‍ നിന്ന് മൂര്‍ഖനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് പാമ്പുകടിയേറ്റത്. അത്യാസന്ന നിലയിലായ സുരേഷിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.
വ്യാഴാഴ്ച ബോധം വന്നതോടെയാണ് ഐ.സി.യുവിലേക്ക് മാറ്റിയത്. 'ദൈവമേ' എന്നാണ് ബോധം വന്നയുടന്‍ അദ്ദേഹം ഉച്ചരിച്ചത്. പേര് ചോദിച്ചപ്പോള്‍ സുരേഷ് എന്ന് പറഞ്ഞു. ഉച്ചയോടെ കട്ടിലിരില് ചാരിയിരുത്തി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്കി.
24 മണിക്കൂറും പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന സുരേഷിന്റെ നില ഉച്ചയോടെയാണ് മെച്ചപ്പെട്ടു തുടങ്ങിയത്. ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.






