
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിയ്ക്ക് മാത്രമല്ല മനുഷ്യനും ദോഷകരമായ ഒന്നാണ്. പ്ലാസ്റ്റിക് മൂലമുള്ള വലിയൊരു ദോഷത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പുതിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടിലെ ഗോഥെ സര്‍വകലാശാലയുടെ പങ്കാളിത്തത്തോടെ നോര്‍വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍.
പ്ലാസ്റ്റിക്കിലെ സംയുക്തങ്ങള്‍ ശരീരത്തിന്റെ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. വാട്ടര്‍ ബോട്ടിലുകള്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന മുപ്പത്തിനാല് വസ്തുക്കളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവയില്‍ 55,000-ല്‍ കുറയാത്ത ദോഷകരമായ രാസഘടകങ്ങള്‍ കണ്ടെത്തി. തിരിച്ചറിഞ്ഞ 629 വസ്തുക്കളില്‍ 11 എണ്ണം മെറ്റബോളിസം തടസ്സപ്പെടുത്തുന്ന രാസവസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞു. ഇവ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ആളുകളില്‍ അമിതവണ്ണത്തിന്റെയോ പൊണ്ണത്തടിയുടെയോ ലക്ഷണങ്ങള്‍ കണ്ടെന്നും പഠനത്തില്‍ പറയുന്നു.
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ മൂന്നിലൊന്നില്‍ കണ്ടെത്തിയ രാസവസ്തുക്കള്‍ ലിപിഡുകള്‍ സംഭരിക്കുന്ന കോശങ്ങളുടെ വികസനത്തിന് കാരണമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. അവയുടെ സാന്നിധ്യത്തില്‍, കോശങ്ങള്‍ എണ്ണത്തില്‍ കൂടുതല്‍ വളരുകയും കൂടുതല്‍ കൊഴുപ്പ് ശേഖരിക്കുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തിന് കാരണമാകുന്നു. പ്ലാസ്റ്റിക് വസ്തുക്കളില്‍ മുമ്പ് പ്രശ്നകരമാണെന്ന് തിരിച്ചറിയാത്തതും എന്നാല്‍ കൊഴുപ്പ് കൂട്ടുന്ന കോശങ്ങളുടെ വികാസത്തിന് പ്രേരിപ്പിക്കുന്നതുമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.






