
ഗവേഷകരെ പോലും ഞെട്ടിപ്പിയ്ക്കുന്ന കാഴ്ചയായിരുന്നു പെറുവിലെ ചിന്ച താഴ്വരയിലെ പര്യവേഷണത്തില്‍ കണ്ടത്. മരക്കമ്പില്‍ മനുഷ്യ നട്ടെല്ലിന്റെ കശേരുക്കള് കോര്‍ത്തുണ്ടാക്കിയ ഘടനകളായിരുന്നു അവിടുത്തെ ഗുഹാകല്ലറയില് നിന്ന് കണ്ടെത്തിയത്. അഞ്ഞൂറ് വര്‍ഷം മുന്‍പ് പെറുവിലെ ആദിമനിവാസികളാണ് ഈ ഘടനയുണ്ടാക്കിയതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
നാല്‍പ്പത് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന 664 കല്ലറകള്‍ ഗവേഷകര്‍ പരിശോധിച്ചു. ഇരുന്നൂറോളം ഇത്തരം എല്ലുകോര്ത്ത ഘടനകള്‍ കണ്ടെത്തി. തുടര്‍ന്ന് റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്ങിനു വിധേയമാക്കിയപ്പോഴാണ് ഇവ അഞ്ഞൂറോളം വര്‍ഷം പഴക്കമുള്ളതാണെന്ന് കണ്ടെത്തിയത്. പെറുവില്‍ മധ്യകാലത്ത് ആധിപത്യം സ്ഥാപിച്ച സ്പാനിഷ് കൊളോണിയല്‍ സംഘങ്ങള്‍ ഈ കല്ലറകള്‍ ആക്രമിക്കുകയും ഇവിടെ കൊള്ള നടത്തുകയും ചെയ്തു. കല്ലറകളില്‍ കിടന്ന മൃതദേഹ അവശിഷ്ടങ്ങള്‍ പലതും നശിച്ചു. ഇതു വീണ്ടും പുനസൃഷ്ടിക്കാനും മരിച്ച തങ്ങളുടെ പൂര്‍വികരോടുള്ള ആദരസൂചകമായിട്ടുമായിരിക്കാം ആദിമ നിവാസികള്‍ ഈ പ്രക്രിയ ചെയ്തതെന്നാണ് ഗവേഷകര്‍ പറയുന്നത്.
പെറുവില്‍ ഇന്‍കാ സാമ്രാജ്യം നാശോന്മുഖമായപ്പോള് എത്തിയ സ്പാനിഷ് കൊളോണിയല്‍ സേനയുടെ ആക്രമണങ്ങളിലാണ് തദ്ദേശീയരുടെ കല്ലറകളില്‍ നാശം നേരിട്ടത്. ഇന്‍കാ സാമ്രാജ്യത്തിനു കീഴില്‍ തന്നെയുള്ള ചിന്ചാ രാജ്യത്തിന്റെ അധീനതയിലായിരുന്നു കല്ലറ കണ്ടെത്തിയ പ്രദേശങ്ങള്‍ അന്ന്. ചിന്ചകളുടെ കല്ലറകളില്സ്വര്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമൊക്കെ അടക്കുന്നതു പതിവായിരുന്നു. ഇവയെടുക്കാനായാണ് സ്പാനിഷ് സംഘങ്ങള്‍ കല്ലറകള്‍ ആക്രമിച്ചത്.






