
കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഇന്നു രാവിലെ 11.30 ഓടെയാണ് അദ്ദേഹം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങിയത്. രണ്ടാഴ്ചത്തെ പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാമ്പ് കടിയേറ്റ മുറിവ് കുറച്ചുകൂടി ഉണങ്ങാനുണ്ട്. അതിനുള്ള തുടര്‍ ചികിത്സ തിരുവനന്തപുരത്ത് തുടരും.
ആശുപത്രിയില്‍ നിന്നിറങ്ങിയ വാവ സുരേഷിനെ സ്വീകരിക്കാന്‍ മന്ത്രി വി.എന്‍ വാസവനും നൂറുകണക്കിന് ആളുകളും എത്തിയിരുന്നു. ഇത് തന്റെ രണ്ടാം ജന്മമാണെന്ന് പറഞ്ഞ വാവ സുരേഷ്, മരണം വരെ പാമ്പ് പിടുത്തം തുടരുമെന്നും പറഞ്ഞു. ആശുപത്രിയിലേക്ക് കാറില്‍ വരുന്നത് മാത്രമാണ് ഓര്‍മ്മയുണ്ടായിരുന്നത്. പിന്നീട് ദിവസങ്ങള്‍ക്കു ശേഷമാണ് തനിക്ക് ഓര്‍മശക്തി വീണ്ടുകിട്ടിയത്.
തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ചില നിക്ഷിപ്ത താല്പര്യക്കാരുണ്ട്. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തനിക്കെതിരെ ചിലരെ ഇറക്കി പ്രചാരണം നടത്തുന്നു. ഇവിടെ തന്നെക്കൊണ്ട് പാമ്പ് പിടിക്കാന്‍ അനുവദിക്കരുതെന്ന് വരെ ആ ഉദ്യോഗസ്ഥന് പറഞ്ഞു. അപകടം പറ്റുമ്പോള്‍ കഥകളിറക്കാന് ചിലരുണ്ട്. 2006ല്‍ താന്‍ വനംവകുപ്പില്‍ പാമ്പ് പിടുത്തത്തില്‍ പരിശീലനം നല്കുമ്പോള് ഈ മേഖലയില്‍ മറ്റാരുമുണ്ടായിരുന്നില്ല.
മരണംവരെ പാമ്പുപിടിക്കും. രീതി മാറ്റുന്നത് ആലോചിക്കും. ഏതു രീതിയായാലും അപകടമുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദി. ആശുപത്രിയില്‍ എത്തിച്ചവരുടെ ത്യാഗം ഒരിക്കലും മറക്കില്ല. ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരും വലിയ സ്നേഹത്തോടെ തന്നെ പരിചരിച്ചു. -എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.






