
കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര വാര്‍ത്താ വിനിമന മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. മീഡിയ വണ്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.
രണ്ട് ദിവസം സാവകാശം നല്‍കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ആവശ്യപ്പെട്ടു. ഇത് കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.
സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ സാഹചര്യം വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള രേഖകള്‍ ഇന്നലെ കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംപ്രേഷണം തടയാന്‍ നടപടി എടുത്തതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്കിയ വിശദീകരണം. ലൈസന്‍സ് റദ്ദാക്കിയ സാഹചര്യം പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വാദം നിയമവിരുദ്ധവും കേട്ടുകേള്‍വിയില്ലാത്തതും മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്ന് ചാനല്‍ ഉന്നയിച്ചിരുന്നു. വിലക്കിനെതിരെ മീഡിയ വണ്‍ ജീവനക്കാരും കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ കേന്ദ്രം എതിര്‍ത്തു. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രം സംപ്രേഷണം വിലക്കിയത്. ഇതിന് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്ു.






