ന്യുഡല്‍ഹി: രാജ്യത്ത് പലയിടങ്ങളിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡി കമ്പനിക്കെതിരെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ) കേസെടുത്തു. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ അടക്കം ഡി കമ്പനിയിലെ ആറ്പേര്ക്കെതിരെയാണ് കേസ്. ദാവൂദിന്റെ ഡി കമ്പനി ജെയ്ഷെ മുഹമ്മദ്, ജമാഅത്ത് ഉദ്ദവ, അല്‍ ക്വയ്ദ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് എന്‍.ഐ.എ എഫ്.ഐ.ആറില്‍ പറയുന്നത്.
ആയുധ കള്ളക്കടത്തും ലഹരിമരുന്ന് ഇടപാടുകളും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമുള്ള ദാവൂദിനെ നേരത്തെ തന്നെ ആഗോള ഭീകരനായി മുദ്രകുത്തിയിട്ടുണ്ട്. ഇന്ത്യ വിട്ട ദാവൂദ് ഷക്കീല്‍, ജാവേദ് ചുക്, ഇഖ്ബാല്‍ മിര്‍ചി തുടങ്ങിയവരുടെ നെറ്റ്വര്‍ക്ക് വഴിയായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്.
പ്രമുഖ നേതാക്കളെയും രാഷ്ട്രീയക്കാരെയും ബിസിനസുകാരെയും ആക്രമിക്കുന്നതിന് ഇവര്‍ ഇന്ത്യയില്‍ സ്ലീപ്പര്‍ സെല്ലുകള്‍ നടത്തുന്നുണ്ടെന്ന് എഫ്ഐആറില്‍ പറയുന്നു. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടത്തുന്ന സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി, യുഎപിഎ നിയമത്തിലെ 17,18,20,21,38,40 എന്നിവ പ്രകാരമാണ് കേസ്.
എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും പൂര്‍ണ്ണമായും നിഷേധിക്കുന്നതായും ഡി കമ്പനി വൃത്തങ്ങള്‍ പറയുന്നു.






