
പോര്‍ച്ചുഗലില്‍ എത്തുന്ന സഞ്ചാരികളൊക്കെ സന്ദര്‍ശിയ്ക്കുന്ന ഒരു പള്ളിയുണ്ട്. സെന്റ് ഫ്രാന്‍സിസിലെ റോയല്‍ ചര്‍ച്ചിന്റെ ഭാഗമായ ആവോറയിലെ ചാപ്പല്‍ ഓഫ് ബോണ്‍സ്. പേര് പോലെ തന്നെയാണ് ഇവിടവും. ഈ പള്ളിയുടെ അകത്തളങ്ങളും തൂണുകളുമെല്ലാം അലങ്കരിച്ചിരിയ്ക്കുന്നത് മരിച്ച് മണ്ണടിഞ്ഞവരുടെ അസ്ഥികൂടങ്ങള്‍ കൊണ്ടാണ്. ഈ ചാപ്പല്‍ മുഴുവന്‍ തലയോട്ടികളും അസ്ഥികൂടങ്ങള്‍ കൊണ്ടും അലങ്കരിച്ചിരിക്കുകയാണ്.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രാന്‍സിസ്ക്കന്‍സ് സന്യാസിമാരാണ് ഇതു നിര്‍മ്മിച്ചത്. മറ്റു ചാപ്പലുകളെപ്പോലെ ശ്മശാനം പള്ളിയോട് ചേര്‍ന്നല്ല. മരിച്ചവരുടെ അസ്ഥികള്‍ നിറച്ചിരിക്കുന്നത് ഈ ചാപ്പലിനുള്ളില്‍ തന്നെയാണ്. ഇങ്ങനെയൊരു ചാപ്പല്‍ നിര്മ്മിയ്ക്കാനുണ്ടായതിന് പിന്നിലും ഒരു കഥയുണ്ട്. പതിനാറാം നൂറ്റാണ്ടോടെ ഓവറയിലും പരിസരത്തും 43 ഓളം ശ്മശാനങ്ങള്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഇല്ലാതായി. അവിടെ അടക്കം ചെയ്ത ആളുകളുടെ ആത്മാക്കള്‍ അനാഥമാകരുതെന്ന് ആഗ്രഹിച്ച സന്യാസിമാര്‍ ചാപ്പല്‍ പണിയുകയും അവിടേക്ക് അടക്കം ചെയ്തവരുടെ അസ്ഥികളും മറ്റും മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചു. ഈ സന്യാസി സമൂഹം ഉള്‍പ്പെടുന്ന മത വിഭാഗം മരിച്ചയാളുകളുടെ അസ്ഥികള്‍ പ്രദര്‍ശിപ്പിക്കുന്നത് ബഹുമാനമായാണ് കണക്കാക്കുന്നത്.
ഏതാണ്ട് 5000ലധികം അസ്ഥികള്‍ ചാപ്പലിന്റെ മതിലുകളിലും തൂണുകളിലുമായിട്ടുണ്ട്. പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്നും ഒരു കുട്ടിയുടെ അസ്ഥികൂടം കയറില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതും കാണാം. പള്ളിക്കകത്തേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ എഴുതിയിരിക്കുന്നത് ''ഞങ്ങള്‍ ഇവിടെയുള്ള അസ്ഥികളാണ്, നിങ്ങളുടെ അസ്ഥികള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു'' -എന്നാണ്. ഇറ്റലിയിലെ മിലാനിലെ സാന്‍ ബെര്‍ണാഡിനോ എല്ല ഒസാസ് ഓഷ്യൂറിയെ അടിസ്ഥാനമാക്കിയാണ് ഇവോറയിലെ ചാപ്പല്‍ ഓഫ് ബോണ്‍സിന്റെ രൂപകല്പന. 5,000 അസ്ഥികള്‍ കൂടാതെ ബലിപീഠത്തിനടുത്തുള്ള ഒരു ചെറിയ വെളുത്ത ശവപ്പെട്ടിയില്‍, പള്ളി സ്ഥാപിച്ച മൂന്ന് ഫ്രാന്‍സിസ്ക്കന്‍സ് സന്യാസിമാരുടെ അസ്ഥികളുമുണ്ട്.
പള്ളിയിലെ തൂണുകളിലൊന്നില്‍ ഫാദര്‍ അന്റോണിയോ ഡാ അസെന്‍കാവോയുടെ ഒരു കവിതയും തൂക്കിയിട്ടിട്ടുണ്ട്. 'ഇത്രയും തിരക്കിട്ട് എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്? നില്ക്കുക... നിങ്ങള്‍ മുന്നോട്ട് പോകരുത്; നിങ്ങള്‍ ഇപ്പോള്‍ കാണുന്ന കാഴ്ചയിലും വലിയ ഉത്കണ്ഠ നിങ്ങള്‍ക്കില്ല'' -എന്നിങ്ങനെയാണ് കവിത. ഈ പള്ളിയുടെ ചരിത്രപരമായ പ്രാമുഖ്യം കണക്കിലെടുത്ത് ഇവിടം ലോക പൈതൃക സൈറ്റായി യുനെസ്കോ പ്രഖ്യാപിച്ചിട്ടുണ്ട്.






