
ബംഗളുരു: ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഐ.പി.എല്‍. മെഗാലേലം ഇന്നു മുതല്‍. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മെഗാലേലം ഇന്നു രാവിലെ 11 ന് ബംഗളുരുവില്‍ ആരംഭിക്കും.
പുതിയ സീസണില്‍ അണിനിരക്കുന്ന 10 ടീമുകള്‍ ലേലത്തിനുള്ള 590 കളിക്കാര്‍ക്കായി പണമെറിഞ്ഞു കൊമ്പുകോര്‍ക്കും. താരങ്ങളില്‍ 229 പേര് വിവിധ ദേശീയ ടീമുകള്‍ക്കായി ജഴ്സിയണിഞ്ഞവരാണ്. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറാത്ത 354 കളിക്കാരുണ്ട്. ഏഴുപേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍നിന്നുള്ളവരാണ്.
മാര്‍ക്വീ താരങ്ങളെയാണ് ആദ്യദിനം ആദ്യമായി ലേലത്തില്‍ വയ്ക്കുന്നത്. പത്തുതാരങ്ങളാണ് ഈ ഗണത്തിലുള്ളത്. ഇന്ത്യയില്‍നിന്ന് രവിചന്ദ്രന്‍ അശ്വിന്, ഓപ്പണര്‍ ശിഖര്‍ ധവാന്, മധ്യനിര ബാറ്റ്സ്മാന് ശ്രേയസ് അയ്യര്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമി, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ക്വിന്റണ്‍ ഡികോക്ക്, ഫാഫ് ഡ്യൂപ്ലെസിസ്, കഗീസോ റബാഡ, ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് മാര്‍ക്വീ താരങ്ങള്‍.
അതിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ സാന്നിധ്യമറിയിച്ചവരെ ലേലത്തിനു വയ്ക്കും. ബാറ്റര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍, ഫാസ്റ്റ് ബൗളര്‍മാര്‍, സ്പിന്നര്‍മാര്‍ എന്നീ ക്രമത്തിലാകും ലേലം. പിന്നാലെ ദേശീയജഴ്സി അണിയാത്തവരെ അണിനിരത്തും.
161 താരങ്ങള്‍ ഒന്നാംദിനം ലേലത്തിനെത്തും. 429 കളിക്കാരാണു രണ്ടാംദിനം ലേലവേദിയിലെത്തുക. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പതിനേഴുകാരന് സ്പിന്നര്‍ നൂര്‍ അഹമ്മദാണ് ലേലത്തിനുള്ളവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം നാല്പ്പത്തിമൂന്നുകാരന് ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിര്‍ ഏറ്റവും ഉയര്‍ന്ന പ്രായക്കാരനും.
90 കോടി രൂപയാണ് പത്തു ടീമുകള്‍ക്കും ചെലവഴിക്കാവുന്ന തുക. എന്നാല്‍ താരങ്ങളെ നിലനിര്‍ത്തിയതിനാല്‍ ഇത്രയും തുക ഒരുടീമിന്റെ പക്കലുമില്ല. ഒരു ഫ്രാഞ്ചൈസിക്കു പരമാവധി 25 താരങ്ങളെ ടീമില്‍ ഉള്‍ക്കൊള്ളിക്കാം.
72 കോടി രൂപ ശേഷിക്കുന്ന പഞ്ചാബ് കിങ്സാണ് ഏറ്റവും 'സമ്പന്നര്‍'. എട്ടു വിശേതാരങ്ങളടക്കം പരമാവധി 23 താരങ്ങളെ അവര്‍ക്കു തെരഞ്ഞെടുക്കാം. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ കൈവശം 68 കോടി രൂപയുണ്ട്. ഏഴു വിദേശതാരങ്ങളടക്കം പരമാവധി 22 താരങ്ങളെ തെരഞ്ഞെടുക്കാം. രാജസ്ഥാന് റോയല്‍സിന്റെ കൈവശം 62 കോടിയുണ്ട്. ഏഴു വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 22 സ്ലോട്ടുകള്‍ അവശേഷിക്കുന്നു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് 59 കോടിയും ആര്.സി.ബിക്ക് 57 കോടിയും ഗുജറാത്ത് ടൈറ്റന്‍സിന് 52 കോടിയും കൈവശമുണ്ട്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നിവരുടെ കൈവശം 48 കോടി വീതം തുകയാണുള്ളത്. 47.5 കോടി രൂപ കൈവശമുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനാണ് ഏറ്റവും കുറച്ചു തുക അക്കൗണ്ടിലുള്ളത്.






