
തിരുവനന്തപുരം: കേന്ദ്രം അസാധുവാക്കിയ പഴയ 500 ന്റെയും 1000 ന്റെയും നോട്ടുകളുടെ കാലാവധി ഇന്ന് അര്‍ദ്ധരാത്രിയോടെ പൂര്‍ത്തിയാകും. ബാങ്കുകള്‍ക്ക് അനുവദിച്ച സമയം ഇനിയും ബാക്കിയൂണ്ടെങ്കിലും പെട്രോള്‍ പമ്പുകള്‍, റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍, സര്‍ക്കാര്‍ ഫീസുകള്‍, നികുതി തുടങ്ങിയവ അടയ്ക്കാന്‍ ട്രഷറി ഉള്‍പ്പെടെ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാരിന് കീഴിലെ ചിലവകുപ്പുകള്‍ എന്നിവയില്‍ നല്‍കിയിരുന്ന അനുമതി ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും.
അസാധുവാക്കിയ നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ മാത്രമായിരിക്കും ഉപയോഗപ്പെടുത്തുവാന്‍ കഴിയുക. അതേസമയം നോട്ട് മാറിയെടുക്കാന്‍ ബാങ്കുകളില്‍ നല്‍കിയിരിക്കുന്ന സമയം ഡിസംബര്‍ 30 വരെയാണ്. ബാങ്കുകളില്‍ നിന്നും പരമാവധി മാറ്റിയെടുക്കാന്‍ കഴിയുന്ന തുക 2000 മാത്രമാണ്.
അതേസമയം സ്വന്തം അക്കൗണ്ടില്‍ നിന്നും ചെക്കോ, വിഡ്രോവല്‍ സ്ളിപ്പോ നല്കി നിലവിലെ സ്ഥിതിയില്‍ 24,000 രൂപ വരെ ഒരാഴ്ച പിന് വലിക്കാം. എന്നാല്‍ എടിഎമ്മില്‍ നിന്നും ഒരു ദിവസം 2,500 രൂപയേ പിന്‍വലിക്കാനാകൂ. അതിനിടയില്‍ 2000 ന് പിന്നാലെ 500 ന്റെ പുതിയ നോട്ടുകളും സംസ്ഥാനത്ത് എത്തി.
കാനറ ബാങ്കിന്റെ 12 എ ടി എമ്മുകളില്‍ 500 ന്റെ നോട്ട് നിറച്ചുതുടങ്ങി. കഴിഞ്ഞ ദിവസം കോഴിക്കോട്ടാണ് പുതിയ നോട്ട് കിട്ടിത്തുടങ്ങിയത്. എന്നാല്‍ എസ്ബിഐ, എസ്ബിടി എന്നിവിടങ്ങളില്‍ പുതിയ നോട്ട് എത്തിയിട്ടില്ല. എസ്ബിഐ യില്‍ നാളെ മുതല്‍ നോട്ടുകള്‍ എത്തുമെന്നാണ് കരുതുന്നത്. അതേ സമയം ബാങ്കുകളില്‍ എത്തുന്ന നോട്ടുകളും പഴയ നോട്ടുകള്‍ ആണെന്നത് പ്രതിസന്ധിയാകുന്നുണ്ട്. പുതിയ നോട്ട് മാറാന്‍ ആള്ക്കാര് തയ്യാറാകാത്തത് ബാങ്കുകളില്‍ പുതിയ നോട്ട് വിനിമയത്തിന് എത്തുന്നത് കുറയ്ക്കുന്നത് വരും ദിവസം വന്‍ പ്രതിസന്ധിയാകും.






