
കൊച്ചി: കെപിഎസി ലളിതയ്ക്കൊപ്പം മകളും മരുമകളുമെല്ലാമായി നിരവധി തവണ കാമറയ്ക്കു മുന്നിലെത്തിയ നടിയാണ് മഞ്ജു പിള്ള.
'അവസാനം കാണുമ്പോൾ മകളെ വഴക്കു പറയാനെങ്കിലും എഴുന്നേറ്റു വാ അമ്മേ' എന്നു പറഞ്ഞതാണ്. ഞങ്ങൾ ആദ്യം കാണുമ്പോൾ 'എന്റെ ശ്രീക്കുട്ടിയെ പോലെ തന്നെയുണ്ട്' എന്നു പറഞ്ഞു സ്വന്തം മകളാക്കിയതാണ് . ഇനി ..... മഞ്ജു പിള്ളയ്ക്ക് വാക്കുകൾ ഇടറുന്നു.
മരണ വിവരം അറിഞ്ഞ് പേട്ടയിലെ ഫ്ലാറ്റിലേയ്ക്ക് ആദ്യം എത്തിയ സഹവർത്തകയാണ് മഞ്ജു പിള്ള. 'അടുത്തുണ്ടായിരുന്നതിനാൽ വിവരം അറിഞ്ഞ ഉടൻ എത്താനായി. ഇത് നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ? കൂടുതലൊന്നും പറയാൻ പറ്റുന്നില്ല'
നടൻ മോഹൻലാൽ ഉൾപ്പടെ സിനിമാ ലോകത്തെ നിരവധി പ്രമുഖരാണ് അർധരാത്രിയിൽ തന്നെ ആദരവ് അർപ്പിക്കാനെത്തിയത്. സംവിധായകൻ ബി. ഉണ്ണികൃഷണൻ, രചന നാരായണൻകുട്ടി, ദിലീപ്, കാവ്യ മാധവൻ, നാദിർഷാ, ബാബുരാജ്, ടിനി ടോം തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.






