
ന്യുഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ വീണ്ടും പ്രത്യേക സര്‍വീസുകള്‍ നടത്തും. നാളെ പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്നും രണ്ട് വിമാനങ്ങള്‍ റൊമാനിയയില്‍ എത്തും. യുക്രൈനിലെ വിമാനത്താവളങ്ങള്‍ അടച്ചതോടെ അയല്‍രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടല്‍ തുടങ്ങി. വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ റോഡ് മാര്‍ഗം ഇന്ത്യക്കാരെ അയല്‍രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ അതിര്‍ത്തികളില്‍ എത്തിക്കാനാണ് നീക്കം. ഇതിനാല്‍ നയതന്ത്ര പ്രതിനിധികള്‍ സ്ഥിതികള്‍ അവലോനം ചെയ്യാന്‍ അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരെയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് ഫോണില്‍ വിളിച്ചു.
ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ മന്ത്രിതല സമിതി യോഗം ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിര്‍മല സീതാരാമന്, എസ്. ജയ്ശങ്കര് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു യുക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തി.






