തിരുവനന്തപുരം: തിരുവല്ലം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കേ പ്രതി മരിച്ച സംഭവത്തില്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി. സ്റ്റേഷനില്‍ പ്രാഥമിക പരിശോധനയും ഉദ്യോഗസ്ഥരുടെ മൊഴിയുമെടുത്തുവെന്ന് ചെയര്മാന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിയുടെ മരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ല. മാധ്യമ റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടാണ് പരിശോധന. പരാതി ലഭിക്കാത്തതിനാല്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടില്ല. പ്രാഥമിക പരിശോധനയുടെ കണ്ടെത്തല്‍ ഇപ്പോള്‍ പറയാനാവില്ല. സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിച്ചു. അവ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട രണ്ടു കേസുകളും പരിശോധിക്കും. സ്ത്രീ നല്കിയ പരാതിയും പ്രതിയുടെ മരണവുമായി അതിനു ബന്ധമുണ്ടെന്ന പരാതിയും പരിശോധിക്കും. പ്രതിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. പ്രാഥമിക പരിശോധനയിലെ കണ്ടെത്തലുകള്‍ ഇപ്പോള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദമ്പതികളെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിലാണ് ഞായറാഴ്ച സുരേഷ്കുമാര്‍ അടക്കം നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട സുരേഷ്കുമാറിനെ പൂന്തുറ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോലീസ കസ്റ്റഡിയില്‍ സുരേഷ് കുമാറിന് മര്‍ദ്ദനമേറ്റു എന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി പോലീസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു.
സുരേഷ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സബ് കലക്ടറുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികളുമുണ്ടാകും. സ്റ്റേഷനിലേക്ക് ഇന്നും പ്രതിഷേധമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനു മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ വര്‍ധിപ്പിച്ചു.






