കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ബി.ജെ.പിയേയും കേന്ദ്രസര്ക്കാരിനെയൂം കടന്നക്രമിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയുടെ പ്രത്യായശാസ്ത്രം അപകടകരമാണ്. ബദല്‍ ഉയര്‍ത്തുന്നത് കേരളമാണെന്നും യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണ്. സി.ബി.ഐയേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനേയും രാഷ്ട്രീയ ഏജന്റുമാരാക്കി. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ കാഴ്ചപ്പാടില്‍ നിന്നുള്ള വ്യത്യാസം കൊണ്ടാണ്. ഹിന്ദു രാഷ്ട്രത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഹൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോടതി പരിഗണിക്കുന്നില്ല.
ഫാസിസ്റ്റ് ആര്.എസ്.എസിനാല്‍ നയിക്കുന്ന ബി.ജെ.പി ഈ രാജ്യത്തെ പ്രത്യേകമായ ഒരു അവസ്ഥയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വശത്ത് ഉദാരവത്കരണ നയങ്ങള്‍ ശക്തിപ്പെടുന്നു. മറുഭാഗത്ത് ദേശീയ സമ്പത്ത് കൊള്ളയടിക്കലിനും രൂപം നല്കുന്നു.
അമിതാധികാര പ്രവണത എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്നു. പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. ഇതാണ് ഈ നാലു വര്‍ഷത്തെ തീവ്രമായ വലതുപക്ഷ രാഷ്ട്രീയ ആധിപത്യത്തിന്റെ അനുഭവം.
ഗള്‍ഫ യുദ്ധകാലത്ത് പൗരന്മാരെ ഒഴിപ്പിച്ച അനുഭവ സമ്പത്ത് രാജ്യം യുക്രൈന് യുദ്ധത്തില്‍ ഉപയോഗിക്കുന്നില്ല. അന്നത്തെ സര്‍ക്കാര്‍ ലക്ഷക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചുകൊണ്ടുവന്നത്. ഇപ്പോള്‍ ആളുകള്‍ വരുമ്പോള്‍ മോദിക്ക് നന്ദി പറയുന്ന കാര്‍ഡുകളും ഫോട്ടോ സെഷനുകളും മാത്രമാണ് നടക്കുന്നത്.
ചൈനയുടെ ശക്തിവര്‍ദ്ധിക്കുന്നത് അമേരിക്കയെ ഭയപ്പെടുത്തുന്നുവെന്ന് യെച്ചൂരി പറഞ്ഞു. ചൈനയെ വളയുക, ഒറ്റപ്പെടുത്തുക എന്നതാണ് അമേരിക്കന്‍ തന്ത്രം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മുതല്‍ അമേരിക്ക ഈ സമീപനം സ്വീകരിക്കുന്നുണ്ട്. നാറ്റോ കിഴക്കന്‍ യൂറോപ്പിലേക്ക് വ്യാപിപ്പിക്കില്ലെന്ന് ഗോര്‍ബച്ചേവിന്റെ കാലത്ത് അവര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പ് പൂര്‍ണമായും ലംഘിച്ചു. യുക്രൈന് ഒഴികെയുള്ള മറ്റെല്ലാ കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്തേക്കും നാറ്റോയെ വ്യാപിപ്പിച്ചു. 175000 നാറ്റോ സൈനികരെ റഷ്യക്ക് ചുറ്റുമായി വിന്യസിച്ചിട്ടുണ്ട്. അഞ്ചു മിനിറ്റനകം മിസൈല്‍ വെച്ച് അക്രമിക്കാനുള്ള ഏര്‍പ്പാടുകള്‍ അമേരിക്ക ഈ സംവിധാനം വഴി ചെയ്തുവച്ചിട്ടുണ്ട്. ഇതൊരു വശമാണ്.
പുടിന്റേത് സങ്കുചിതമായ ദേശീയവാദമാണ്. എല്ലാക്കാലത്തും യുക്രൈന് തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് പുടിന്റെ വാദം. ഈ രണ്ട് നിലപാടുകളും അപകടകരമാണ്. ഒരു രാജ്യം സ്വീകരിക്കുന്ന നടപടികള്‍ മറ്റൊരു രാജ്യത്തിന്റെ സുരക്ഷിതത്വത്തേയും ബാധിക്കരുതെന്ന രാജ്യാന്തര നിയമത്തിന്റെ അടിസ്ഥാന തത്വം എല്ലാവരും പാലിക്കണമെന്നും യെച്ചൂരി റിപ്പോര്‍ട്ടില്‍ പറയുന്നു.






