
അസ്ഥിരോഗ വിദഗ്ധരുടെ അടുത്തെത്തുന്ന രോഗികളില് വലിയൊരു ശതമാനവും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നം നടുവേദനയാണ്. കോവിഡിനെ തുടര്ന്ന് നടുവേദനയുമായി ഡോക്ടറെ സമീപിക്കുന്ന രോഗികളുടെ എണ്ണം വര്ധിച്ചുവരുന്നതായാണ് കണക്കുകള് സൂചിപ്പിക്കുന്നത്. എന്നാല് നടുവേദന ഒരു രോഗമല്ല. വയറുവേദന, പനി എന്നിവ പോലെ ഒരു രോഗലക്ഷണം മാത്രമാണ് നടുവേദനയും. ഇത് മറ്റ് പല രോഗങ്ങളുടെയും ഒരു ലക്ഷണമായി കണക്കാക്കാം. ഈ രോഗലക്ഷണത്തിന്റെ ദൈര്ഘ്യം അടിസ്ഥാനമാക്കി അതിനെ മൂന്നായി തിരിക്കാം. ആറ് ആഴ്ചയില് കുറവാണെങ്കില് അതിനെ അക്യൂട്ട് എന്നും ആറ് മുതല് പന്ത്രണ്ടു ആഴ്ച വരെ നീണ്ടുനില്ക്കുന്ന നടുവേദന ഉണ്ടെങ്കില് അതിനെ സബ് അക്യൂട്ട് എന്നും അതില് കൂടുതല് നാളുകള് നടുവേദനയുണ്ടെങ്കില് അതിനെ ക്രോണിക് എന്നും പറയുന്നു. അതേസയമം ചില പ്രത്യേക സാഹചര്യങ്ങളില് ഉണ്ടാകുന്ന നടുവേദന അത് ഗൗരവമേറിയ രോഗത്തിന്റെ മുന്നറിയിപ്പ് ആയിരിക്കാം. അതിനെ 'ചുവന്ന കൊടി' (റെഡ് ഫ്ളാഗ്) അടയാളങ്ങളായാണ് പരിഗണിക്കുന്നത്.
നിസാരമാക്കരുത് ഈ ബുദ്ധിമുട്ടുകള്
- ആറ് ആഴ്ചയില് കൂടുതലായി അനുഭവപ്പെടുന്ന നടുവേദന.
- പതിനെട്ടു വയസില് താഴെയോ അന്പതു വയസിനു മുകളിലോ ഉള്ളവര്ക്ക് അനുഭവപ്പെടുന്ന നടുവേദന.
- നടുവിനേല്ക്കുന്ന വലിയ പരുക്കുകള്, പ്രായമായവരിലെ ചെറിയ പരുക്കുകളും.
- കാന്സര് രോഗികളില് അനുഭവപ്പെടുന്ന നടുവേദന.
- നടുവേദനയോടൊപ്പം പനി, കുളിര്, രാത്രികാലങ്ങളിലുള്ള അമിതമായ വിയര്പ്പു എന്നിവ ഉണ്ടെങ്കില്.
- രാത്രികാലങ്ങളില് മാത്രമുണ്ടാക്കുന്ന നടുവേദന, കിടന്നാലും ശമനമില്ലാതെ നടുവേദന.
- മലദ്വാരത്തിന് ചുറ്റും മരവിപ്പ്, മലം, മൂത്രം ഇവ പോകുന്നതിനുള്ള ബുദ്ധിമുട്ട്, കാലിലെ ബലക്കുറവ് എന്നിവ നടുവേദനയോടൊപ്പം ഉണ്ടാവുക.
പേശികളുടെ ബലക്കുറവ്
നടുവേദനയുമായി ഡോക്ടറെ സമീപിക്കുന്ന തൊണ്ണൂറു ശതമാനം രോഗികളും മേല്പറഞ്ഞ വിഭാഗത്തില് ഉള്പ്പെടുന്നവരല്ല. ഭൂരിഭാഗം പേര്ക്കും പേശികളുടെ ബലക്കുറവ് കാരണമാണ് നടുവേദനയുണ്ടാകുന്നത്. ജീവിതത്തില് എപ്പോഴെങ്കിലും നടുവേദന അനുഭവപ്പെടാത്തവര് വിരളമാണ്. അതുപോലെ തന്നെ അത് ഏതാനും ദിവസങ്ങള്ക്കകം ഭേദപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും മേല്പറഞ്ഞ ചുവന്ന കൊടി അടയാളങ്ങളുണ്ടെങ്കില് നടുവേദനയയ്ക്കു കൂടുതല് വിലയിരുത്തലുകള് ആവശ്യമാണ്.
ഇരുകാലില് നില്ക്കാനും നടക്കാനുമാകുന്ന മനുഷ്യന് മൃഗങ്ങളേക്കാള് പരിണാമപരമായ പല കഴിവുകളും ലഭിച്ചിട്ടുണ്ടെങ്കിലും ഇതേ സവിശേഷത ഇരിക്കുമ്പോഴും മുന്പോട്ടു കുനിയുമ്പോഴും നടുവിന് സമ്മര്ദ്ദം കൊടുക്കുന്നു. അതിനാല് മനുഷ്യനില് കാമ്പ് പേശികള് (കോര് മസില്സ്) ബലപ്പെടുത്തുക എന്നത് നമ്മുടെ നാടുവിന്റെ ആരോഗ്യത്തിനു അത്യാവശ്യമാണ്.
ഡിസ്ക് തേയ്മാനം
കാമ്പ് പേശികളില് ബലക്ഷയം സംഭവിക്കുമ്പോള് ഡിസ്ക്കിലും അതിനുപിന്നിലുള്ള സന്ധികളിലും അധിക സമ്മര്ദം അനുഭവപ്പെടുകയും അതിന് തേയ്മാനം സംഭവിക്കുകയും ചെയ്യുന്നു. ഇതുമൂലം കാലക്രമേണെ ഡിസ്ക്കില് വിള്ളലുണ്ടാകുന്നു. ഇതേത്തുടര്്ന് ഇതിനുളിലെ ജെല് മാതൃകയിലുള്ള പദാര്ഥം പുറത്തേക്കു തള്ളി വരുകയും ഇത് കാലുകളിലേക്കുള്ള ഞരമ്പുകളെ ഞെരുക്കുകയും ചെയ്യുന്നു. അതിനാിലാണ് ചിലരുടെ കാലില് പെരിപ്പും വേദനയും അനുഭവപ്പെടുന്നത്.
ഈ അവസ്ഥയുടെ ആദ്യ ഘട്ടങ്ങളില് കഠിനമായ വേദനയും നിവര്ന്നു നില്ക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകാം.
പൂര്ണ വിശ്രമം അനിവാര്യം
ഇത്തരം ബുദ്ധിമുട്ടുകള് അനുഭവപ്പെടുമ്പോള് ആദ്യം വേണ്ടത് സമ്പൂര്ണ വിശ്രമം (ബെഡ് റെസ്റ്റ്) ആണ്. അതായത് ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങള്ക്കോ അല്ലാതെ കട്ടിലില് നിന്നും എഴുനേല്ക്കാന് പാടില്ല. സാധാരണയായി മൂന്നു ദിവസത്തിനുള്ളില് വേദനയില് ശമനമുണ്ടാകും. അതിനു ശേഷം ചെറിയ തോതില് ചുറ്റും നടക്കാന് ആരംഭിക്കാവുന്നതാണ്. ക്രമേണ നടക്കുന്നതിന്റെ വേഗതയും ദൈര്ഘ്യവും വര്ധിപ്പിക്കാവുന്നതാണ്. തുടര്ന്ന് കാമ്പ് പേശികള് ബലപ്പെടുത്തുന്നതിന് വേണ്ടിയുള്ള വ്യായാമം പരിശീലിക്കാം. മുകളില് സൂചിപ്പിച്ച 'ചുവന്ന കൊടി' ആരോഗ്യപ്രശ്നങ്ങളെ തുടര്ന്നുള്ള നടുവേദന അല്ലെങ്കില് ഒന്നുമില്ലെങ്കില് കാമ്പ് പേശികളുടെ വ്യായാമവും ഫിസിയോതെറാപ്പിയും മാത്രം മതിയാകും ചികിത്സ. വേദന സംഹാരികളും മസില് റിലാക്സന്റുകളും ഇതിനു ഒരു താത്കാലിക പരിഹാരം മാത്രമാണ്. ശാശ്വതമായ ചികിത്സ ശരിയായ വ്യായാമം മാത്രമാണ്.
ഡോ. അര്ജുന് ആര്. പ്രസാദ്
ഓര്ത്തോപീഡിക് സര്ജന്
എസ്.യു.ടി. ഹോസ്പിറ്റല്,
പട്ടം, തിരുവനന്തപുരം







Comments