
ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്.
മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. ചയാപചയ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നവര്‍ക്ക് ചെറിയ പരിശ്രമം കൊണ്ടു തന്നെ ഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സാധിക്കും. കൊഴുപ്പ് വേഗത്തില്‍ കത്തിച്ച് ശരീരവടിവ് കാത്ത് സൂക്ഷിക്കാനും മികച്ച ചയാപചയം സഹായിക്കും. ചയാപചയവും ദഹനപ്രക്രിയയും മെച്ചപ്പെടുത്തി ഭാരം കുറയ്ക്കാനായി ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
കട്ടന്‍ കാപ്പി - പഞ്ചസാര ചേര്‍ക്കാത്ത ഒരു കപ്പ് ചൂട് കട്ടന്‍ കാപ്പി രാവിലെ കഴിക്കുന്നത് ശരീരത്തില്‍ നിന്ന് കൊഴുപ്പ് കുറയ്ക്കാന്‍ സഹായകമാണ്. എന്നാല്‍ അമിതമായ കാപ്പി ഉപയോഗം ഉറക്കമില്ലായ്മ, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം.
മോരുവെള്ളം - കാലറി കുറഞ്ഞ മോരു വെള്ളം ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ആസിഡ് റിഫ്ളക്സ് നിയന്ത്രിക്കുകയും കൊഴുപ്പ് അലിയിക്കുകയും ചെയ്യും. മോരും വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയ വയറിന്റെ ആരോഗ്യത്തിനും പ്രധാനമാണ്.
ചെറുചൂട് വെള്ളത്തില്‍ നാരങ്ങ - ചെറുചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് രാവിലെ കഴിക്കുന്നത് ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനും വിഷാംശങ്ങള്‍ നീക്കാനും സഹായിക്കും. ഇത് ചയാപചയം വര്‍ധിപ്പിച്ച് കൊഴുപ്പ് വേഗത്തില്‍ അലിയിക്കും. ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഇത് ഉത്തമമാണ്. വൈറ്റമിന്‍ സിയും ഫ്ളാവനോയ്ഡുകളും അടങ്ങിയ ഈ പാനീയം രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിന്‍ ബി എന്നിവയും അടങ്ങിയിരിക്കുന്ന ഈ പാനീയം ആരോഗ്യകരമായ രീതിയില്‍ ഒരു ദിവസം ആരംഭിക്കാന്‍ സഹായിക്കുന്നു.
കസ് കസ് വിത്തും വെള്ളവും - ഏത് പാനീയത്തിന്റെയും കൂടെ ചേര്‍ക്കാവുന്ന കസ് കസിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ എ, ബി, ഇ, കെ, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, അയണ്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞ പ്രതീതി സൃഷ്ടിക്കുന്ന കസ് കസ് ചയാപചയവും മെച്ചപ്പെടുത്തി കൊഴുപ്പിനെ കത്തിക്കുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു.






