
പ്രായം കൂടുമ്പോഴാണ് മിക്കവര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ തലപൊക്കിത്തുടങ്ങുന്നത്. സ്ത്രീ-പുരുഷ വേര്‍തിരിവ് ഇല്ലാതെയാണ് ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നത്. നാല്‍പ്പത് വയസ് കഴിഞ്ഞ പുരുഷന്മാര് ആരോഗ്യകാര്യങ്ങളില്‍ സാധാരണത്തേതിലും കരുതലുണ്ടാവേണ്ടവരായിരിയ്ക്കണം. രാജ്യത്ത് പുരുഷന്മാരില് ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത് ക്യാന്‍സറാണ് ആമാശയ ക്യാന്‍സര്‍. മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണരീതികള്‍ എന്നിവയെല്ലാമാണ് പുരുഷന്മാരില് ആമാശയ ക്യാന്‍സര്‍ അധികമാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
എപ്പോഴും തളര്‍ച്ച, ചുരുങ്ങിയ സമയത്തിനുള്ളില്‍ ശരീരഭാരം കുറയുക, മലത്തില്‍ രക്തം കാണുക, അല്പം ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയര്‍ വല്ലാതെ നിറഞ്ഞതായി തോന്നുക, ദഹനപ്രശ്നങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പതിവായി കാണുന്നത് ആമാശയ ക്യാന്‍സറിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രബിള്‍, വയറു വേദന, ഓക്കാനം, ഭക്ഷണം കഴിക്കാന്‍ തന്നെ ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ആമാശയ ക്യാന്സറിന്റേതായി വരാം. എന്നാല്‍ ഇതില്‍ അല്പം ഭക്ഷണം അകത്തു ചെല്ലുമ്പോള്‍ തന്നെ വയറ് നിറഞ്ഞതായി അനുഭവപ്പെടുന്ന ലക്ഷണമാണ് പ്രാഥമികമായി മിക്കവരിലും കാണുന്നത്.
രോഗം നേരത്തെ കണ്ടെത്തിയാല്‍ ഓപ്പണ്‍ സര്‍ജറി പോലും ആവശ്യമായി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കീ ഹോള്‍ സര്‍ജറി തന്നെ ധാരാളം. സമയം വൈകും തോറും രോഗം ഭേദമാകാനുള്ള സാധ്യതയും രോഗി രക്ഷപ്പെടാനുള്ള സാധ്യതയും കുറഞ്ഞു വരുന്നു. 40 വയസിന് മുകളിലുള്ള പുരുഷന്മാര് കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നത് ഉചിതമാണ്. മറ്റ് പല അസുഖങ്ങള്‍ കണ്ടെത്തുന്നതിനും ഇത് നല്ലതാണ്. സ്ത്രീകളും വര്‍ഷത്തില്‍ മുഴുവന്‍ ചെക്കപ്പുകളും ചെയ്യുന്നത് നല്ലതാണ്.






