തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും ട്രാന്‍സ് സമൂഹത്തിനും സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്താനായി 14 പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ലിംഗസൗഹൃദ സൗകര്യങ്ങളും സുരക്ഷിതമായ ഭവനവുമാണ് ജെന്‍ഡര്‍ ബജറ്റില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നല്‍കാനുമുള്ള മഴവില്‍ പദ്ധതിക്ക് 5 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ജെന്‍ഡര്‍ പാര്ക്കിന് 10 കോടി രൂപയും അനുവദിച്ചു.സമൂഹത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനായി പൊതുഗതാഗത സംവിധാനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം ഉറപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.
ലിംഗസമത്വത്തിനായുള്ള സാംസ്കാരിക ഉദ്യമമായ 'സമം', നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെഹിക്കിള്‍ ട്രാക്കിങ് പ്ലാറ്റ്ഫോം, സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനും വേണ്ടിയുള്ള കലാസാംസ്കാരിക പരിപാടി എന്നിവ കൊണ്ടുവരും. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജും ഈ പദ്ധതിയില്‍ ഉള്‍പ്പെടും.
കൂടാതെ അഭ്യസ്ഥതവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനായി വര്‍ക്ക് നിയര്‍ ഹോം പദ്ധതി നടപ്പിലാക്കും. പദ്ധതിക്കായി 50 കോടി വിലയിരുത്തി.






