
കൊച്ചി: വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന യുവതികളുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജ്യം വിട്ടെന്ന് പോലീസ്. എറണാകുളം ചളിക്കവട്ടത്തെ ബ്രൈഡല്‍ മേക്കപ് സ്റ്റുഡിയോ ഉടമയായ കാക്കനാട് സ്വദേശി അനീസ് അന്സാരെക്കെതിരെയായിരുന്നു യുവതികളുടെ പരാതി. പരാതിയില്‍ പാലാരിവട്ടം പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കേരളത്തിന് പുറത്ത് താമസിക്കുന്ന മൂന്ന് യുവതികളാണ് സിറ്റി പോലീസ് കമീഷണര്‍ സി എച്ച് നാഗരാജുവിന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഇയാള്‍ക്ക് കേരളത്തില്‍ വിവിധയിടങ്ങളില്‍ ബ്രൈഡല്‍ മേക്കപ് സ്റ്റുഡിയോ ശാഖകളുണ്ട്. പ്രമുഖറുള്പ്പെടെയുള്ളവര് ഇയാളുടെ സ്റ്റുഡിയോയില്‍ മേക്കപ് ചെയ്യുവാനായി എത്താറുണ്ട്. ഒരാഴ്ചമുമ്പ് യുവതികള്‍ ഇയാള്‍ക്കെതിരെ 'മീടു' പോസ്റ്റ് ഇട്ടിരുന്നു. ചക്കരപ്പറമ്പിലെ ബ്രൈഡല്‍ മേക്കപ് സ്റ്റുഡിയോയില്‍വെച്ച് പീഡിപ്പിച്ചതായാണ് യുവതികളുടെ പരാതിയില്‍ പറയുന്നത്. 'മീടു' പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ സ്വമേധയാ അന്വേഷണം തുടങ്ങിയെന്ന് സിറ്റി പോലീസ് കമീഷണര്‍ പറഞ്ഞു. പോസ്റ്റ് വന്ന ദിവസം ഇയാള്‍ ദുബായിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇയാളുടെ മൊബൈല്‍ഫോണും സിച്ച് ഓഫാണെന്ന് പോലീസ് പറഞ്ഞു.






