
ഒറ്റ നോട്ടത്തില്‍ ഭീമാകാരനായ വമ്പന്‍ സര്‍പ്പം. എന്നാല്‍ അടുത്തെത്തിയാല്‍ ആര്‍ക്കും കൗതുകം തോന്നിപ്പോകുന്ന കൂറ്റന്‍ നിര്‍മ്മിതി. വടക്കുപടിഞ്ഞാറന്‍ മെക്സിക്കോയിലാണ് സര്‍പ്പത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ച വിശ്രമ കേന്ദ്രമുള്ളത്. മെസോ - അമേരിക്കന്‍ സംസ്കാരത്തില്‍ ആരാധനാമൂര്‍ത്തിയായിരുന്ന ക്വറ്റ്സല്കോട്ട് എന്ന തൂവല്സര്പ്പത്തിന്റെ ആകൃതിയിലാണ് ഈ വിശ്രമകേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്. മെസോ അമേരിക്കന്‍ സംസ്കാരത്തില്‍ ദൈവമായാണ് ക്വറ്റ്സല്കോട്ടിനെ കണക്കാക്കിയിരുന്നത്.
ഈ വിശ്രമകേന്ദ്രത്തിന്റെ പേരും ക്വറ്റ്സല്കോട്ട്സ് നെസ്റ്റ് എന്നാണ്. മരതകത്തിനു സമാനമായ പച്ച, സ്വര്ണ്ണനിറം, വയലറ്റിനോട് ചേര്‍ന്നു നില്ക്കുന്ന നീല എന്നീ നിറങ്ങളാണ് ഈ വിശ്രമകേന്ദ്രത്തിന് നല്കിയിരിയ്ക്കുന്നത്. ഈ നിറവും സര്പ്പത്തിന്റേതിന് സമാനമായി തന്നെ നിര്‍മ്മിതിയെ തോന്നിപ്പിയ്ക്കുന്നു. 16,000 ചതുരശ്ര അടിയാണ് നിര്മ്മിതിക്കുള്ളിലെ ആകെ വിസ്തീര്‍ണ്ണം. കെട്ടിടം സ്ഥിതി ചെയ്യുന്നത് 80,000 ചതുരശ്ര അടിയിലാണ്. ജാവിയര്‍ സെനോസ്യന് എന്ന ആര്‍ക്കിടെക്ടാണ് ഈ നിര്‍മ്മിതി രൂപകല്‍പ്പന ചെയ്തത്.






