
വാഴ്സോ: തെക്കുകിഴക്കന്‍ പോളണ്ടിലെ വനത്തില്‍ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മകനോടൊപ്പം വനത്തില്‍ നടക്കാന്‍ പോയ ഇവര്‍ അബദ്ധത്തില്‍ ഉറങ്ങിക്കിടന്ന കരടിയുടെ മേല്‍ ചവിട്ടിയതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് വിവരം. നനഞ്ഞ മണ്‍കൂനയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ കരടിയുടെ മേല്‍ ചവിട്ടിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തെക്കുകിഴക്കന്‍ ബിസ്സാഡി മേഖലയിലെ പ്ലോന്ന നഗരത്തിന് സമീപമുള്ള വനത്തിലാണ് സംഭവം. അമ്മയും മകനും രണ്ടുവഴിക്ക് വെവ്വേറെ നടക്കുകയായിരുന്നു.
കരടി ആക്രമിച്ച ഉടന്‍ ഇവര്‍ മകനെ ഫോണില്‍ വിളിച്ച് സഹായത്തിനായി നിലവിളിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോളണ്ടില്‍ ഇത്തരം മാരകമായ കരടി ആക്രമണങ്ങള്‍ വളരെ അപൂര്‍വ്വമാണ്. വസന്തകാലത്ത് ശീതകാല ഉറക്കം കഴിഞ്ഞ് ഉണരുന്ന കരടികള്‍ ഭക്ഷണത്തിനായി ജനവാസ മേഖലകളിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ബുകോവ്സ്കോ കമ്മ്യൂണ്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വനപ്രദേശങ്ങളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാന്‍ പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു. പോളണ്ടില്‍ ഏകദേശം 100 ഓളം തവിട്ട് കരടികളാണുള്ളത്. ഇവയില്‍ ഭൂരിഭാഗവും ബിസ്സാഡി മേഖലയിലാണ് ജീവിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഇത്തരം മാരകമായ ഏറ്റുമുട്ടലുകള്‍ അവിടെ വളരെ അപൂര്‍വമാണ്. പ്രാദേശിക മാധ്യമങ്ങള്‍ നല്കുന്ന വിവരമനുസരിച്ച്, പോളണ്ടില്‍ ഇതിനുമുമ്പ് ഇത്തരമൊരു മാരകമായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത് 2014-ലാണ്.
പ്രാദേശിക എമര്‍ജന്‍സി സര്‍വീസ് വക്താവായ പവല്‍ ഗിബ പറഞ്ഞത്, പ്രാദേശിക സമയം രാവിലെ 10:30-ഓടെയാണ് മകനില്‍ നിന്ന് അഗ്നിശമന സേനയ്ക്ക് കോള്‍ ലഭിച്ചതെന്നാണ്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയെങ്കിലും, ദുര്‍ഘടമായ ഭൂപ്രകൃതിയും ഫോണ്‍ റേഞ്ചിന്റെ അഭാവവും കാരണം സംഭവസ്ഥലത്തേക്ക് എത്തുന്നതിന് തടസ്സമുണ്ടായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മാനിന്റെ കൊമ്പുകള്‍ പൊഴിയുന്ന സീസണില്‍ അവ ശേഖരിക്കുന്നതിനായി കാട്ടില്‍ പോയതായിരുന്നു അമ്മയും മകനും.






