
സോൾ: കൊറിയൻ തലസ്ഥാനമായ സോളിലെ ഹോട്ടൽ മുറിയിൽ ഒരു ലോകാത്ഭുതം പരന്ന് നീണ്ട് കിടക്കുന്നു! “ബെഡ് 2525” എന്ന് നാമകരണം ചെയ്തിട്ടുള്ള ഒരു ഹോട്ടൽ കിടക്കയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇതേക്കുറിച്ച് ട്രാവൽ വ്ളോഗറായ ഡ്രൂ ഫാൽചൂക്ക് പങ്കുവച്ചിട്ടുള്ള ഒരു വീഡിയോ ഇന്റർനെറ്റിൽ തരംഗമാവുകയാണ്.
ഈ കിടക്കയിലൂടെ നടന്നാൽ ഹോട്ടൽ മുറിയുടെ മറുതലയ്ക്കൽ എത്താൻ കഴിയും! ഇത്തരത്തിൽ നടക്കുന്നതിന്റെ ഒരു വീഡിയോ ഡ്രൂ ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്. "ലോകത്തിലെ ഏറ്റവും വലിയ കിടക്കയുള്ള ഒരു ഹോട്ടലിലാണ് ഞാൻ താമസിക്കുന്നത്, നിങ്ങൾക്ക് കിടക്കയിൽ നിന്ന് ഇറങ്ങാതെ തന്നെ മുറിയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് നടക്കാൻ സാധിക്കും" എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
എന്നാൽ, കിടക്കയുടെ വലിപ്പം കാരണം ഈ മുറിയിലുള്ള പ്രത്യേക സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. കിടക്കയുടെ പുതപ്പിന് നല്ല ഭാരമുണ്ടെന്നും, കിടക്കയുടെ അറ്റങ്ങൾ തമ്മിലുള്ള ദൂരം വളരെ കൂടുതലായതിനാൽ സൗകര്യത്തിനായി രണ്ട് ടെലിവിഷനുകൾ മുറിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ ഭീമൻ കിടക്കയുടെ ഒരു വശത്ത് ഇരിക്കുമ്പോൾ മറ്റേ വശത്തുള്ള ടിവി കാണാൻ പ്രയാസമായതിനാലാണ് രണ്ടാമതൊരു ടിവി കൂടി അവിടെ വെച്ചിരിക്കുന്നത്.
ഏകദേശം ഇരുപത് പേർക്ക് ഈ കിടക്കയിൽ സുഖമായി ഉറങ്ങാൻ കഴിയുമെന്ന് ഡ്രൂ തമാശയായി പറയുന്നുണ്ടെങ്കിലും, രാവിലെ ഈ കിടക്ക വിരിച്ചൊരുക്കുക ഏറ്റവും പ്രയാസമേറിയ കാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കിടക്കയുടെ വിശേഷങ്ങളൊക്കെ അറിഞ്ഞല്ലോ. ഇനി അതിനുള്ള ചെലവിനെക്കുറിച്ച് നോക്കാം. ഈ മുറിയിലെ താമസം അല്പം ചെലവേറിയതാണ്. ഏകദേശം 700 ഡോളറാണ് (ഏകദേശം 58,000 രൂപ) ഒരു രാത്രിയിലെ വാടക. സോളിലെ ഒരു ലക്ഷ്വറി ഹോട്ടലിൽ ഇത്തരമൊരു വെറൈറ്റി അനുഭവം ആഗ്രഹിക്കുന്നവർക്ക് ഈ തുക ലാഭകരമായി തോന്നിയേക്കാം. എന്നാൽ, സാധാരണ സഞ്ചാരികൾക്ക് അത് അങ്ങനെയാവണമെന്നില്ല.
ഈ ഭീമൻ കിടക്കയുള്ളത് സോളിലെ ട്രെൻഡി ആയ ഹോങ്‌ഡെ പ്രദേശത്തുള്ള റൈസ് ഹോട്ടലിലെ 'ക്യുറേറ്റർ’ സ്യൂട്ടിലാണ്. 2025 ഫെബ്രുവരിയിൽ പുറത്തിറക്കിയ ഈ ഭീമൻ കിടക്ക ഉൾക്കൊള്ളാൻ വേണ്ടി മാത്രം ആ ഹോട്ടൽ മുറി പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്യുകയായിരുന്നു.






