
അബുദാബി: ഒഴിഞ്ഞ വെള്ളക്കുപ്പി നൽകിയാല് അബുദാബിയിൽ സൗജന്യ ബസ് യാത്രയ്ക്ക് അവസരം. ആവശ്യം കഴിഞ്ഞ് കളയുന്ന വെള്ളക്കുപ്പികൾ ബസ് സ്റ്റേഷനിലെ വെൻഡിങ് മെഷീനിൽ നിക്ഷേപിച്ചാൽ കിട്ടുന്ന പോയിന്റ് പണമാക്കി മാറ്റിയാണ് യാത്ര സാധ്യമാകുക.
സംയോജിത ഗതാഗത കേന്ദ്രമാണ് നൂതന പദ്ധതി ആവിഷ്കരിച്ച് പരിസ്ഥിതി സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ ആവശ്യം കഴിഞ്ഞ് അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ഇതോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.
600 മില്ലിയോ അതിൽ കുറവോ ഉള്ള കുപ്പിക്ക് ഒരു പോയിന്റും 600ൽ കൂടുതലുള്ള കുപ്പിക്ക് 2 പോയിന്റുമാണ് ലഭിക്കുക. ഒരു പോയിന്റ് 10 ഫിൽസിന് തുല്യം. 10 പോയിന്റുകൾ ഒരു ദിർഹത്തിന് തുല്യവും.
ഇങ്ങനെ സമാഹരിക്കുന്ന പോയിന്റ് ഐടിസി ഓട്ടോമേറ്റഡ് പേയ്മെന്റ് സംവിധാനമായ ഹാഫിലാറ്റ് വഴി വ്യക്തിഗത ബസ് കാർഡിലേക്ക് മാറ്റാം. നിലവിൽ നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിലാണ് മെഷീനുള്ളത്. വൈകാതെ എല്ലാ ബസ് സ്റ്റേഷനിലേക്കും വ്യാപിപ്പികും. ശേഖരിക്കുന്ന കുപ്പികൾ അബുദാബി പരിസ്ഥിതി ഏജൻസിയുടെയും മാലിന്യനിർമാർജന വകുപ്പ് തദ് വീറിന്റെയും സഹകരണത്തോടെ പുനരുപയോഗ വസ്തുവാക്കും.






