
64ാംമത് ഗ്രാമിയില്‍ അഭിമാനമായി ഇന്ത്യന്‍ സംഗീതജ്ഞന് റിക്കി കെജ്. റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്‍ഡിനൊമാണ് കെജിന്റെ പുരസ്കാരനേട്ടം. ഇവരുടെ ഡിവൈന്‍ ടൈഡ്സ് മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. നമസ്തേ എന്നു പറഞ്ഞാണ് റിക്കി കെജ് ഗ്രാമി വേദിയെ അഭിസംബോധന ചെയ്തത്. ഇത് രണ്ടാം തവണയാണ് കെജ് ഗ്രാമി പുരസ്കാര നേട്ടത്തില്‍ തിളങ്ങുന്നത്.
ലാസ് വേഗസിലെ എംജിഎം ഗ്രാന്‍ഡ് മാര്‍ക്വീ ആണ് ഇത്തവണത്തെ ഗ്രാമി വേദി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗ്രാമി പുരസ്കാര പ്രഖ്യാപനം പലതവണ മാറ്റിവച്ചിരുന്നു. സംഗീത ഇതിഹാസം എ. ആര്. റഹ്മാന് പുരസ്കാരനിശയില് പങ്കെടുക്കാനെത്തിയിട്ടുണ്ട്. വേദിയ്ക്കരികില്‍ നിന്നുള്ള സെല്‍ഫി ചിത്രം റഹ്മാന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
സില്‍ക്ക് സോണിക്കിന്റെ 'ലീവ് ദ് ഡോര്‍ ഓപണ്‍' ആണ് സോങ് ഓഫ് ദ് ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച പുതുമുഖം, മികച്ച പോപ് സോളോ പെര്‍ഫോമന്‍സ്, മികച്ച പോപ് വോക്കല്‍ ആല്‍ബം എന്നീ വിഭാഗങ്ങളില്‍ ഒലീവിയ റോഡ്രിഗോ പുരസ്കാരങ്ങള്‍ സ്വന്തമാക്കി. പോപ് താരം ലേഡി ഗാഗയുടെയും കൊറിയന്‍ ബോയ് ബാന്‍ഡ് ബിടിഎസിന്റെയും പ്രകടനങ്ങള്‍ ഗ്രാമി വേദിയിലെ പ്രധാന ആകര്‍ഷണങ്ങളായി മാറി.






