
അടുത്ത മഹാമാരിയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മുന്നറിയിപ്പാണ് ശ്രദ്ധേയമാകുന്നത്. സിക്ക, ഡെങ്കു എന്നിവ പോലെ പ്രാണികളിലൂടെ പകരുന്നവയായിരിക്കും ലോകത്തെ പ്രതിസന്ധിയിലാക്കാന്‍ പോകുന്ന അടുത്ത മഹാമാരിയെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ഡെങ്കു, യെലോ ഫീവര്‍, ചിക്കുന്‍ഗുനിയ, സിക വൈറസ് എന്നിവയെ എല്ലാം ആര്‍ത്രോപോഡ്-ബോണ്‍ വൈറസുകള്‍ അഥവാ ആര്‍ബോവൈറസുകള്‍ എന്നാണ് വിളിക്കുന്നത്. കൊതുക്, ചിലതരം പ്രാണികള്‍, പേന്‍, ചെള്ള് എന്നിങ്ങനെ രക്തം കുടിക്കുന്ന ആര്‍ത്രോപോഡുകള്‍ വഴിയാണ് ഇവ പകരുന്നത്.
മേല്പറഞ്ഞ പ്രാണിജന്യ രോഗങ്ങള്‍ 390 കോടിയോളം പേര് വസിക്കുന്ന ട്രോപ്പിക്കല്‍, സബ് ട്രോപ്പിക്കല്‍ മേഖലയിലാണ് കൂടുതലായും കണ്ടുവരുന്നത്. ആര്‍ബോ വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധികളുടെ ആവൃത്തിയും തീവ്രതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര തലത്തിലുള്ള സംഘടിതമായ നീക്കം അത്യാവശ്യമാണെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്കുന്നു. നഗരമേഖലകളിലെ ജനസംഖ്യ ഉയരുന്നതിന് അനുസരിച്ച് ഈ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും അധികരിക്കുമെന്ന് ലോകാരോഗ്യ സംഘടനയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.റെന്‍ മിങ്ഹുയി പറയുന്നു.
ഈ രോഗങ്ങള്‍ ഉയര്‍ത്തുന്ന അപകട സാധ്യതകള്‍ വര്‍ധിച്ചു വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷങ്ങള്‍ ഇത്തരത്തിലുള്ള വലിയ വെല്ലുവിളികള്‍ക്കായി തയാറെടുക്കാതിരുന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ വെളിവാക്കിയെന്ന് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ഇന്‍ഫെക്ഷ്യസ് ഹസാര്‍ഡ് പ്രിപ്പേര്‍ഡ്നസ് ടീം ഡയറക്ടര്‍ ഡോ. സില്‍വി ബ്രിയാണ്ട് ചൂണ്ടിക്കാണിക്കുന്നു.






