
തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങയുടച്ച് എം.പി ശശി തരൂര്‍. സുഹൃത്തും അഭ്യുദയകാംക്ഷിയുമായ അച്യുതൻ മേനോന്റെ വഴിപാട് പ്രകാരമാണ് തരൂർ പഴവങ്ങാടി ക്ഷേത്രദർശനം നടത്തി 101 തേങ്ങ ഉടച്ചത്. ക്ഷേത്രദർശനത്തിന്റെയും വഴിപാടു സമപ്പണത്തിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. പദ്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കേരളത്തിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് പഴവങ്ങാടി ഗണപതി അമ്പലം . കിഴക്കോട്ടു ദർശനമായി വലതുകാൽ മടക്കി വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിൽ ഇരിക്കുന്ന ഭാവത്തിലാണ് പഴവങ്ങാടി ക്ഷേത്രത്തിലെ ഗണേശ പ്രതിഷ്ഠ. ഇവിടെ ബാലഗണപതിയായാണ് സങ്കല്പം. നാളികേരമുടയ്ക്കലാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്.
കഴിഞ്ഞ ഓണകാലത്തു തിരുവോണ നാളില്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രത്തില്‍ തരൂർ തേങ്ങ ഉടച്ചത് വാർത്തയായിരുന്നു. ഗണപതി ഭഗവാന് സമർപ്പിക്കുന്ന പ്രധാന വഴിപാടാണ് ‘നാളികേരമുടയ്ക്കൽ’. ഗണങ്ങളുടെ അധിപനായ ഗണപതിക്കു നാളികേരം അർപ്പിക്കുന്നതിലൂടെ സർവവിഘ്നങ്ങളും നീങ്ങും എന്നാണ് വിശ്വാസം.






