മുംബൈ: നോട്ട് നിരോധനത്തില്‍ സത്യസന്ധരായ ജനങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നിലവിലെ സാഹചര്യങ്ങള്‍ റിസര്‍വ് ബാങ്ക് നിരീക്ഷിച്ച് വരികയാണെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ബാങ്കുകളിലേക്ക് തിരിച്ചു വരുന്ന സാഹചര്യത്തില്‍ ക്യാഷ് റിസര്‍വ് അനുപാതം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പഴയ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യം നേരിടുന്നതിന് അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ കൂടുതലായി അച്ചടിച്ച് വരികയാണ്. ഡെബിറ്റ് കാര്‍ഡും ഡിജിറ്റല്‍ വാലറ്റും അടക്കമുള്ള സംവിധാനങ്ങളിലേക്ക് ജനങ്ങള്‍ മാറണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു. ഡെബിറ്റ് കാര്‍ഡും ഡിജിറ്റല്‍ വാലറ്റും ഇടപാടുകള്‍ ലളിതമാക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യും. പണരഹിത സമ്പദ്ഘടനയായി മാറുന്നതിന് ഇത് ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നേതൃത്വത്തില്‍ ആവശ്യമായ നോട്ടുകള്‍ അച്ചടിച്ച് വരികയാണ്. ബാങ്കുകളുമായി എല്ലാ ദിവസവും ബന്ധപ്പെടുന്നുണ്ട്. എ.ടി.എമ്മുകള്‍ പുനക്രമീകരിക്കുന്നതിന് 50,000ത്തേളം പേരെ നിയമിച്ചിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം ഇത് ആദ്യമായാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രതികരിക്കുന്നത്.






