കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതായി സി.പി.എം. ലൗ ജിഹാദ് ഉൾപ്പടെയുള്ള വിഷയങ്ങൾ ഉയർത്തി പാർട്ടിയെ ആക്രമിക്കാൻ സംഘപരിവാർ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് കോടഞ്ചേരിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സി.പി.എം മുന്നറിയിപ്പ്. അതേ സമയം ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ വരൻ ഷെജിനെതിരെ നടപടി ഉണ്ടാകിലെന്ന് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു.
മിശ്രവിവാഹവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം തോമസിൻ്റെ ലൗ ജിഹാദ് പരാമർശമാണ് വിശദീകരണ യോഗത്തിലേക്ക് സി.പി.എമ്മിനെ നയിച്ചത്. നാക്കു പിഴയെന്ന് ഈ യോഗത്തിലും ജോർജ് എം തോമസ് ആവർത്തിച്ചെങ്കിലും പാർട്ടിയെയും തന്നെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നിലവിൽ യു.ഡി.എഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലോചന നടത്താതെ പെൺകുട്ടിയെ കൂട്ടി സ്ഥലം വിടുന്നതിന് മുൻപ് പെൺകുട്ടിയുടെ കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഷെജിന്‍ കഴിഞ്ഞില്ലെന്ന് പി.മോഹനൻ' കുറ്റപ്പെടുത്തി.പാർട്ടിയുടെ നയസമീപനത്തിൽ ചെറിയൊരു വ്യതിയാനം ജോർജ് എം തോമസിനുണ്ടായി. അത് അപ്പോൾ തന്നെ അദ്ദേഹം തിരുത്തിയിരുന്നു.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മതമേലധ്യക്ഷൻമാരെ കണ്ടിരുന്നു. ഇനിയും അവരെ കാണും. പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം സി.പി.എം ഉണ്ടാകുമെന്നും വിശദീകരണ യോഗത്തിലൂടെ സി.പി.എം പറഞ്ഞു.






