
ബംഗളുരു: കിങ്ഫിഷര്‍ മുന്‍ മേധാവി വിജയ് മല്യയുടെ 535 കോടി രൂപയുടെ കുടിശിക തിരിച്ചുപിടിക്കാന്‍ മല്യയുടെ സ്വകാര്യ ആഡംബര ജെറ്റ് സേവനനികുതി വിഭാഗം ലേലം ചെയ്യും. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതുടര്‍ന്നാണ് നടപടി. ജെറ്റിന് നേരത്തേ 152 കോടി രൂപ കരുതല്‍ വില നിശ്ചയിച്ചിരുന്നെങ്കിലൂം വാങ്ങാന്‍ ആരും എത്താത്തതിനാല്‍ വിലകുറയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് മല്യയുടെ ജെറ്റ് ലേലത്തിന് വയ്ക്കുന്നത്. ജെറ്റ് വാങ്ങാന്‍ താല്പര്യമുള്ളവരെ കണ്ടെത്താന്‍ രാജ്യാന്തരതലത്തില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഓഗസ്റ്റില്‍ നടന്ന ലേലത്തില്‍ 27 കോടി രൂപവരെയെ വിളിവന്നുള്ളു.
സര്‍വ്വീസ് ടാക്സ് ഡിപ്പാര്‍ട്ടുമെന്റ ജപ്തി ചെയ്ത മല്യയുടെ എയര്‍ബസ് എസിജെ 319(വിജെഎം 319) എന്ന വിമാനമാണ് നവംബര്‍ 28നും 29നും ലേലത്തില്‍ വയ്ക്കുന്നത്. ഏകദേശം 130 മുതല്‍ 140 പേര്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ബസ് എ 319 ന്റെ ലക്ഷ്വറി പതിപ്പാണ് എസിജെ 319. 25 യാത്രക്കാര്‍ക്കും 6 വിമാന ജോലിക്കാര്‍ക്കും സഞ്ചരിക്കാന്‍ സാധിക്കുന്ന ജെറ്റില്‍ അത്യാഡംബര സൗകര്യങ്ങളുണ്ട്.
2006 ല്‍ ഏകദേശം 400 കോടി മുടക്കിയാണ് മല്യ ഈ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയത്. കോണ്‍ഫറന്‍സ് റൂം, ലിവിങ് റും, ബാത്ത് അറ്റാച്ചഡ് ബെഡ് റൂം, തുടങ്ങിയ സൗകര്യങ്ങള്‍ ജെറ്റിലുണ്ട്. ഏകദേശം 10 കോടി രൂപയാണ് വിമാനത്തിന്റെ ചിലവുകള്‍ക്കായി മല്യ ഓരോ വര്‍ഷവും മുടക്കിയിരുന്നത്.
മല്യയുടെ 11 സീറ്റര്‍ പ്രൈവറ്റ് ജെറ്റ് സര്‍ക്കാര്‍ വിറ്റിരുന്നു. 9000 കോടി രൂപ ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാതെയാണ് മല്യ മുങ്ങിയത്. കിങ്ഫിഷള് എയര്‍ലൈന്‍സ് വരുത്തിവെച്ച നഷ്ടം മല്യയുടെ സമ്പാദ്യത്തെ കാര്യമായി ബാധിച്ചു. മല്യയുടെ വീടും കാറുകളും കിങ്ഫിഷറിന്റെ വസ്തുവകകളും ലേലത്തില്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയിരിക്കുകയാണ്.